റിയോ ഡി ജനീറോ: പുരുഷന്മാരുടെ ട്രിപ്പിൾജമ്പിൽ അമേരിക്കയുടെ ക്രിസ്റ്റ്യൻ ടെയ്‌ലറിന് സ്വർണ്ണം. 17.86 മീറ്റർ ചാടി സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ക്രിസ്റ്റ്യൻ ഒന്നാമതെത്തിയത്. 2012ലെ ലണ്ടൻ ഒളിമ്പിക്‌സിലും ക്രിസ്റ്റ്യൻ ടെയ്‌ലർക്കുതന്നെയായിരുന്നു ഈയിനത്തിൽ സ്വർണ്ണം. 2011, 2015 ലോക ചാമ്പ്യൻഷിപ്പിലും സ്വർണ്ണത്തിന് ക്രിസ്റ്റ്യൻ ടെയ്‌ലറല്ലാതെ മറ്റൊരു അവകാശിയുണ്ടായിരുന്നില്ല.
ഇന്നലെ തന്റെ ആദ്യ ശ്രമത്തിൽ തന്നെയാണ് ക്രിസ്റ്റ്യൻ സ്വർണ്ണത്തിലേക്ക് കുതിച്ചത്. മൂന്നും അഞ്ചും ആറും ചാട്ടങ്ങൾ പിഴച്ചപ്പോൾ രണ്ടും നാലും ശ്രമങ്ങളിൽ ക്രിസ്റ്റ്യൻ പിന്നിട്ടത് 17.77 മീറ്റർ. യോഗ്യതാ റൗണ്ടിൽ 17.24 മീറ്റർ ചാടിയായിരുന്നു ക്രിസ്റ്റ്യൻ ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഈയിനത്തിൽ വെള്ളിയും അമേരിക്കൻ താരത്തിന്. 17.76 മീറ്റർ ചാടി തന്റെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ വില്ലി ക്ലേയ് വെള്ളി നേടി. ലണ്ടൻ ഒളിമ്പിക്‌സിലും വില്ലിക്ക് വെള്ളിയായിരുന്നു. 17.58 മീറ്റർ ചാടിയ ചൈനയുടെ ബിൻ ഡോങ് വെങ്കലം നേടി. ഈ വർഷം മാർച്ചിൽ നടന്ന ലോക ഇൻഡോർ ചാമ്പ്യൻഷിപ്പിൽ ബിൻ ഡോങ് സ്വർണ്ണം നേടിയിരുന്നു.
പുരുഷന്മാരുടെ ഹൈജമ്പിൽ കാനഡയുടെ ഡെറിക് ഡൊറിൻ സ്വർണ്ണം നേടി. 2012-ൽ ലണ്ടൻ ഒളിമ്പിക്‌സിൽ നേടിയ വെങ്കലമാണ് ഇത്തവണ 2.38 മീറ്റർ ചാടി ഡെറിക് സ്വർണ്ണമാക്കിമാറ്റിയത്. സീസണിലെ ഏറ്റവും മികച്ച പ്രകടമാണിത്. ആദ്യ ശ്രമത്തിൽ തന്നെ 2.38 മീറ്റർ മറികടന്നെങ്കിലും 2.40 മീറ്റർ മറികടക്കാനുള്ള ഡെറിക്കിന്റെ ശ്രമം വിജയിച്ചില്ല. ലണ്ടനിൽ ഡെറിക്കിനൊപ്പം വെങ്കലം പങ്കിട്ട ഖത്തറിന്റെ മുതാസ് ഇസ ബർഷിം 2.36 മീറ്റർ ചാടി ഇത്തവണ വെള്ളി കരസ്ഥമാക്കി. 2.33 മീറ്റർ ചാടിയ ഉക്രെയിനിന്റെ ബോഡാൻ ബൊൻഡാരൻകോ വെങ്കലവും നേടി.
വനിതകളുടെ ഡിസ്‌ക്കസ് ത്രോയിൽ ക്രൊയേഷ്യൻ താരം സാൻഡ്ര പെർകോവിച്ചിന് സ്വർണ്ണം. 69.21 മീറ്റർ ദൂരത്തേക്കാണ് സാൻഡ്ര ഡിസ്‌ക്ക് എറിഞ്ഞത്. മൂന്നാം ശ്രമത്തിലാണ് സാൻഡ്ര ഈ ദൂരത്തേക്ക് ഡിസ്‌ക്ക് എറിഞ്ഞത്. 2012ലെ ലണ്ടൻ ഒളിമ്പിക്‌സിലും സാൻഡ്രക്കായിരുന്നു ഈയിനത്തിൽ സ്വർണ്ണം. ഡിസ്‌ക്കസ്സിൽ സ്വർണ്ണം നിലനിർത്തുന്ന 2015ലെ ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും. 66.73 മീറ്റർ എറിഞ്ഞ് ഫ്രാൻസിന്റെ മെലിന റോബർട്ട് പുതിയ ദേശീയ റെക്കോർഡോടെ വെള്ളി നേടിയപ്പോൾ നിലവിലെ ലോക ചാമ്പ്യൻ ക്യൂബയുടെ ഡാനിയ കബാറെല്ലോ 65.34 മീറ്റർ എറിഞ്ഞ് വെങ്കലം കൊണ്ട് തൃപ്തിയടഞ്ഞു.
















