ന്യൂദൽഹി: ഉത്തേജക വിവാദത്തിൽ ഉൾപ്പെടുകയും പിന്നീട് നാഡ കുറ്റവിമുക്തനാക്കുകയും ചെയ്ത ഇന്ത്യൻ ഗുസ്തി താരത്തിന്റെ ഒളിമ്പിക് സ്വപ്‌നങ്ങൾ ത്രിശങ്കുവിൽ.
മത്സരത്തിനുമുമ്പ് നർസിങ് അന്താരാഷ്‌ട്ര ഉത്തേജക വിരുദ്ധ സമിതി (വാഡ)ക്കു മുന്നിൽ ഹാജരാകണം. വെള്ളിയാഴ്ചയാണ് സർസിംഗിന്റെ മത്സരം നടക്കേണ്ടത്. നർസിംഗിനെ കുറ്റവിമുക്തനാക്കിയ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് വാഡ അറിയിച്ചു. നർസിങിനെ കുറ്റവിമുക്തനാക്കിയ നാഡ നടപടിക്കെതിരേ ആർബിട്രേഷൻ കോടതിയിൽ അപ്പീൽ പോകാൻ ഒരുങ്ങുകയാണ് വാഡ.
നേരത്തെ രണ്ടു തവണയാണ് നാഡ നടത്തിയ ഉത്തേജക പരിശോധനയിൽ നർസിങ് പരാജയപ്പെട്ടത്. എന്നാൽ, താൻ ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും തനിക്കു നൽകിയ ഭക്ഷണത്തിൽ ആരോ ഉത്തേജകമരുന്ന് കലർത്തിയതാണെന്നും യാദവ് വാദിച്ചു. നാഡ നടത്തിയ അന്വേഷണത്തിൽ നർസിങിന്റെ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ നാഡ അദ്ദേഹത്തിന് അനുമതി നൽകിയത്.
















