റിയോ ഡി ജനീറോ: മുപ്പത്തിയൊന്നാമത് ഒളിമ്പിക്‌സിൽ ഇന്ത്യൻ ദയനീയ പ്രകടനം തുടർക്കഥ. ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങളിലും ബോക്‌സിങ് റിങ്ങിലും ഗുസ്തി ഗോദയിലും ഇന്ത്യക്ക് തിരിച്ചടി മാത്രം. ആകെ ആശ്വസിക്കാനുള്ളത് ബാഡ്മിന്റണിലെ സിന്ധുവിന്റെയും ശ്രീകാന്തിന്റെയും പ്രകടനം മാത്രം.
സ്വാതന്ത്ര്യദിന ദിവസം വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസ് ഫൈനലിൽ ലളിത ബാബർ 10-ാം സ്ഥാനത്തെത്തിയത് മാത്രം ഇന്ത്യയുടെ നേട്ടം. എന്നാൽ യോഗ്യതാ റൗണ്ടിൽ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച ലളിതക്ക് ആ പ്രകടനം ഫൈനലിൽ പുറത്തെടുക്കാനായില്ല. 9:22.74 സെക്കൻഡിലാണ് ലളിത ഫിനിഷ് ലൈൻ കടന്നത്. പി.ടി ഉഷയ്‌ക്ക് ശേഷം ട്രാക്ക് ഇനത്തിൽ ഒളിമ്പിക്‌സിന്റെ ഫൈനലിലെത്തുന്ന താരമായിരുന്നു ലളിത ബാബർ.
പുരുഷന്മാരുടെ ട്രിപ്പിൾജമ്പിൽ മലയാളി താരം രഞ്ജിത്ത് മഹേശ്വരി ഫൈനലിലേക്ക് പോലും യോഗ്യത നേടാൻ കഴിയാതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ 16.13 മീറ്റർ മാത്രം ചാടിയ രഞ്ജിത്ത് മുപ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 17.30 മീറ്റർ ചാടി ദേശീയ റെക്കോർഡോടെ ഒളിമ്പിക് യോഗ്യത നേടിയ രഞ്ജിത്തിന് തന്റെ മൂന്നാം ഒളിമ്പിക്‌സിന് അതിന്റെ അടുത്തെത്തുന്ന പ്രകടനം പോലും നടത്താൻ കഴിഞ്ഞില്ല.
16.95 മീറ്ററായിരുന്നു യോഗ്യതാ മാർക്ക്. എന്നാൽ യോഗ്യതാ റൗണ്ടിൽ ഈ ദൂരം പിന്നിട്ടത് അഞ്ച് പേർ. മികച്ച ദൂരം കണ്ടെത്തിയ 12 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടുക. എന്നാൽ മറ്റ് ഏഴുപേരും യോഗ്യതാ മാർക്കിനും താഴെയാണ് ഫിനിഷ് ചെയ്തത്.
ലണ്ടനിൽ യോഗ്യതാ റൗണ്ടിൽ മൂന്നു ചാട്ടങ്ങളും ഫൗളാക്കിയാണ് രഞ്ജിത്ത് പുറത്തുപോയത്. 2008ലെ ബീജിങ് ഒളിമ്പിക്‌സിലും രഞ്ജിത്ത് സമാന പിഴവു വരുത്തിയിരുന്നു. അന്നു രണ്ടു തവണ ഫൗൾ വരുത്തി പുറത്താവുകയായിരുന്നു.
വനിതാ ഡിസ്‌ക്കസിൽ സീമാ പൂനിയ 20-ാം സ്ഥാനത്താണ് എത്തിയത്. യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ മത്സരിച്ച സീമയ്‌ക്ക് 57.58 മീറ്റർ ദൂരം കുറിക്കാനെ സാധിച്ചുള്ളു, ആകെ 34 താരങ്ങളായിരുന്നു യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ആദ്യ അവസരത്തിൽ 57.58 മീറ്റർ ദൂരമെറിഞ്ഞ സീമയുടെ രണ്ടാമത്തെ ത്രോ ഫൗളായതാണ് പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. 65.38 മീറ്റർ ദൂരമെറിഞ്ഞ ക്യൂബയുടെ യാമിൻ പെരസാണ് ഒന്നാതായി ഫൈനലിലേക്ക് മുന്നേറിയത്. ആകെ 12 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
വനിതകളുടെ 200 മീറ്ററിലും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അഞ്ചാം ഹീറ്റ്‌സിൽ ഓടാനിറങ്ങിയ ഇന്ത്യൻ താരം ശ്രബാനി നന്ദ 23.58 സെക്കൻഡിൽ ആറാമതാണ് ഫിനിഷ് ചെയ്തത്. 72 പേർ മത്സരിച്ച 200 മീറ്ററിൽ ശ്രബാനി നന്ദ 55-ാം സ്ഥാനമാണ് നേടിയത്.
















