റിയോ ഡി ജനീറോ: ട്രാക്കിലും ഇന്ത്യക്ക് നിരാശ മാത്രം. കഴിഞ്ഞ ദിവസം 800 മീറ്ററിൽ ജിൻസൺ ജോൺസണും 20 കി. മീറ്റർ നടത്തത്തിൽ മനിഷ് സിങും ഡിസ്‌ക്കസ് ത്രോയിൽ വികാസ് ഗൗഡയും ലോങ്ജമ്പിൽ അങ്കിത് ശർമ്മയും ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും ഫൈനലിൽ പ്രവേശിക്കാതെ പുറത്തായതിനു പിന്നാലെ ഇന്നലെ മലയാളി താരം മുഹമ്മദ് അനസും സ്പ്രിന്റർ ദ്യുതി ചന്ദും ഹീറ്റ്‌സിൽ പുറത്തായി.
പുരുഷന്മാരുടെ 400 മീറ്ററിൽ ഏഴാം ഹീറ്റ്‌സിൽ മത്സരിക്കാനിറങ്ങിയ മുഹമ്മദ് അനസ് 45.95 സെക്കന്റിൽ ആറാമതയാണ് ഫിനിഷ് ലൈൻ കടന്നത്. ആകെ 51 പേർ മത്സരിച്ചതിൽ 31-ാം സ്ഥാനമാണ് അനസിന് ലഭിച്ചത്.
വനിതകളുടെ 100 മീറ്ററിൽ ഇന്ത്യയുടെ ദ്യൂതി ചന്തും സെമി കാണാതെ പുറത്തായി. 11.69 സെക്കൻഡിൽ അഞ്ചാമതാണ് ദ്യുതി ചന്ത് ഫിനിഷ് ചെയ്തത്.
കഴിഞ്ഞ ദിവസം നടന്ന 20 കി.മീ. നടത്തത്തിൽ മനീഷ് സിങ് ഒരു മണിക്കുർ 21.21 സെക്കൻഡിൽ നടന്നെത്തി 13-ാമനായി. മറ്റ് രണ്ട് ഇന്ത്യക്കാരായ കെ. ഗണപതിയും ഗുർമീത് സിങും മത്സരത്തിനിടെ അയോഗ്യരാക്കപ്പെട്ടു. പുരുഷ ലോങ്ജമ്പിൽ അങ്കിത് ശർമ്മ യോഗ്യതാ റൗണ്ടിൽ 7.67 മീറ്റർ ചാടി 24-ാമനായി.
















