റിയോ ഡി ജനീറോ: എതിരാളികളില്ലാതെ കുതിക്കുകയായിരുന്ന മൈക്കൽ ഫെൽപ്‌സിനും കടിഞ്ഞാൺ. നീന്തൽക്കുളത്തിൽ നിന്ന് മെഡൽ വാരി ചരിത്രം കുറിച്ച ഇതിഹാസം അമേരിക്കയുടെ മൈക്കൽ ഫെൽപ്‌സിന് സ്വർണത്തോടെ നീന്തൽക്കുളത്തോട് വിടപറയാനായില്ല. 100 മീറ്റർ ബട്ടർഫ്‌ളൈസിൽ സിംഗപ്പൂരിന്റെ ജോസഫ് സ്‌കൂളിങ്ങാണ് വമ്പൻ അട്ടിമറിയിലൂടെ ഫെൽപ്‌സിന്റെ സ്വപ്‌നങ്ങൾ തകർത്തത്.
50.39 സെക്കൻഡിൽ ഒളിമ്പിക് റെക്കോഡോടെ ജോസഫ് സ്വർണം നേടി. പഴങ്കഥയാക്കിയത് ഫെൽപ്‌സ് 2008 ബീജിങ്ങിൽ സ്ഥാപിച്ച 50.58 സെക്കൻഡിന്റെ റെക്കോഡ്.
ഒളിമ്പിക്‌സ് ഫൈനലിന് യോഗ്യത നേടിയ ആദ്യ സിംഗപ്പൂർ നീന്തൽ താരമെന്ന ചരിത്രം കുറിച്ച് മണിക്കൂറുകൾക്കകം നേട്ടം. മറ്റൊരു പ്രത്യേകതയുമുണ്ടിതിന്.
ഒളിമ്പിക്‌സ് ചരിത്രത്തിൽ സിംഗപ്പൂരിന്റെ ആദ്യ സ്വർണം. ജോസ് സ്‌കൂളിങ് സ്വർണത്തിലേക്ക് നീന്തിക്കയറിയത് ഫെൽപ്‌സിന്റെ ആരാധകർ അത്ഭുതത്തോടെയാണ് നോക്കിനിന്നത്. റിയോ ഒളിമ്പിക്‌സിലെ ഫെൽപ്‌സിന്റെ അവസാന മത്സരമായിരുന്നു ഇത്. കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സിലും ഈയിനത്തിൽ സ്വർണം നേടിയ ഫെൽപ്‌സ് ഇത്തവണ നാലാമത്തതായിരുന്നു ലക്ഷ്യമിട്ടത്.
ഫൈനലിൽ ഫെൽപ്‌സിന് 51.14 സെക്കൻഡിൽ വെള്ളി മെഡൽ നേടാനെ സാധിച്ചുള്ളു. ഫെൽപ്‌സിനൊപ്പം ദക്ഷിണാഫ്രിക്കയുടെ ക്ലാസ് ലെയും ഹംഗറിയുടെ ചെക്ക് ലാസ്ലോയും ഇതേ സമയത്ത് ഫിനിഷ് ചെയ്ത് വെള്ളി മെഡൽ പങ്കിട്ടു.
ഇതോടെ റിയോ ഒളിമ്പിക്‌സിൽ മത്സരിച്ച ഇനങ്ങളിലെല്ലാം സ്വർണം നേടി മടങ്ങാമെന്ന യുഎസ് താരത്തിന്റെ സ്വപ്‌നം അവസാനിച്ചു. ഫെൽപ്‌സിന്റെ മെഡൽ നേട്ടം 27 ആയി. 22 സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം.
















