റിയോ ഡി ജനീറോ: ആദ്യദിവസത്തെ നിരാശാജനകമായ പ്രകടനത്തിനുശേഷം രണ്ടാം ദിവസംട്രാക്കിൽ നിന്ന് ഒരു ചെറിയ സന്തോഷ വാർത്ത. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യൻ താരം ലളിതാ ബാബർൈഫനലിലെത്തിയിരിക്കുന്നു. രണ്ടാം ഹീറ്റ്‌സിൽ 9:19.76 സെക്കൻഡിൽ പുതിയ ദേശീയ റെക്കോർഡോടെ നാലാമതെത്തിയാണ് ലളിത ഫൈനലിലേക്ക് യോഗ്യത നേടിയത്. മൂന്ന് ഹീറ്റ്‌സുകളിലായി 53 പേർ മത്സരിച്ചതിൽ ഏഴാം സ്ഥാനമാണ് ലളിതക്ക്.
ഇതേ ഇനത്തിൽ മൂന്നാം ഹീറ്റ്‌സിൽ മത്സരിച്ച ഇന്ത്യയുടെ സുധ സിങിന് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളു. 9 മിനിറ്റ് 43;29 സെക്കന്റ് സമയമെടുത്താണ് സുധ ഫിനിഷ് ലൈൻ കടന്നത്. ആകെ മത്സരിച്ചവരിൽ 30-ാം സ്ഥാനത്താണ് സുധ.
അതേസമയം വനിതകളുെട 400 മീറ്ററിൽ നിർമ്മല ഷെറോൺ ഹീറ്റ്‌സിൽ പുറത്തായി. ഒന്നാം ഹീറ്റ്‌സിൽ 53.03 സെക്കൻഡിൽ ആറാമതായാണ് ഫിനിഷ് ചെയ്തത്. എട്ട് ഹീറ്റ്‌സുകളിലായി മത്സരിച്ച താരങ്ങളിൽ 44-ാം സ്ഥാനത്താണ് നിർമ്മല ഷെറോൺ.
ഷൂട്ടിങ് 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിലും ഇന്ത്യ ഫൈനലിലില്ല. രണ്ട് ദിവസങ്ങളിലായി നടന്ന യോഗ്യതാ റൗണ്ടിൽ 581 പോയിന്റുമായി ഗുർപ്രീത് സിങ് ഏഴാമതാണ് ഫിനിഷ് ചെയ്തത്. ആദ്യ ആറ് സ്ഥാനക്കാരാണ് ഫൈനലിൽ മത്സരിക്കുക.
വനിതാ ഹോക്കിയിൽ ഒരു മത്സരം പോലും ജയിക്കാതെ ഇന്ത്യ മടങ്ങി. അവസാന മത്സരത്തിൽ അർജന്റീനയോട് മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ഇന്ത്യ കീഴടങ്ങി. ജപ്പാനെതിരെ നേടിയ ഏക സമനിലയാണ് ഇന്ത്യക്കുള്ളത്.
















