റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് ദയനീയ തോൽവി. ഇന്നലെ ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ തകർത്തുവിട്ടത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഓസീസ് വിജയം.പരാജയത്തോടെ ഇന്ത്യയുടെ ക്വാർട്ടർ സാധ്യതകൾ പരുങ്ങിലിലായി.
മത്സരത്തിൽ ഒരിക്കൽപോലും ഇന്ത്യക്ക് അവസരങ്ങൾ നൽകാതെ ആധികാരികമായിരുന്നു ഓസീസിന്റെ വിജയം.
60-ാം മിനിറ്റിൽ അനുരാധ ദേവിയാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്. ഓസ്‌ട്രേലിയക്കായി ജോർഡി കെന്നി രണ്ട് ഗോളുകൾ നേടി. കത്രിയാൻ സ്ലാട്ടറി, ജോർജിന മോർഗൻ, ജാനി ക്ലാക്‌സ്റ്റൺ, ജോർജി പാർക്കർ എന്നിവർ ഓരോ ഗോൾ വീതം നേടി.
ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സത്തിൽ ജപ്പാനോട് സമനില നേടിയ പ്രകടനം മാത്രമാണ് ആശ്വസിക്കാനുള്ളത്. തോൽവിയോടെ ഗ്രൂപ്പ് ബിയിൽ ഏറ്റവും പിന്നിൽ ആറാം സ്ഥാനത്താണിപ്പോൾ ഇന്ത്യ. 12ന് അമേരിക്കയ്‌ക്കെതിരെയുള്ള അടുത്ത മത്സരം കൂടി തോറ്റാൽ ഒളിമ്പിക് ഹോക്കിയിൽനിന്ന് ഇന്ത്യ പുറത്താകും.
















