റിയൊ ഡി ജനീറോ: നീന്തൽക്കുളത്തിലെ സുവർണമത്സ്യമെന്നു പറഞ്ഞാൽ, അതു മൈക്കൽ ഫെൽപ്‌സ് അല്ലാതെ മറ്റാരുമല്ല. വിരമിക്കൽ പ്രഖ്യാപിച്ച് മടങ്ങിയ ശേഷം തിരിച്ചെത്തി വീണ്ടും സ്വർണത്തിലേക്ക് നീന്തുകയാണ് ഈ യുഎസ് താരം. 25-ാം മെഡൽ സ്വന്തമാക്കി റിയൊയിൽ ചരിത്രമെഴുതി ഫെൽപ്‌സ്. ഇന്നലെ രണ്ട് സ്വർണം നേടിയാണ് കാൽസെഞ്ചുറി പൂർത്തിയാക്കിയത്. റിയൊയിലെ കുളത്തിൽ നിന്ന് ഇതുവരെ മൂന്നു സ്വർണം. ആകെ നേട്ടം 21 സ്വർണം, രണ്ട് വീതം വെള്ളി, വെങ്കലം. 21 സ്വർണത്തിൽ 12 എണ്ണം വ്യക്തിഗതം, ഒമ്പതെണ്ണം റിലേയിൽ.
2004-ൽ ഏതൻസിൽ തുടങ്ങിയ യാത്രയാണ് കൂടുതൽ ആവേശത്തോടെ റിയൊയിലും ഫെൽപ്‌സ് തുടരുന്നത്. കഴിഞ്ഞ ദിവസം 4-100 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയ ഫെൽപ്‌സ് ഇന്നലെ 200 മീറ്റർ ബട്ടർഫ്‌ളൈയിലും, 4-200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും പൊന്നണിഞ്ഞു. ഇന്നലെ ബട്ടർഫ്‌ളൈയിലായിരുന്നു ആദ്യ നേട്ടം. ഇഞ്ചോടിഞ്ച് പൊരുതി ജപ്പാന്റെ മസാട്ടോ സക്കായിയെ പിന്തള്ളി. സമയം 1:53.36 സെക്കൻഡ്.
ജപ്പാൻ താരം 1:53.40 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ഹംഗറിയുടെ ടമാസ് കെൻഡേഴ്‌സിന് വെങ്കലം (1:53.62 സെക്കൻഡ്). ലണ്ടനിൽ ഫിനിഷിങ് പിഴവിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതിന് മറുപടി. അന്ന് സ്വർണം നേടിയ ദക്ഷിണാഫ്രിക്കൻ താരം ചാഡ് ലെ ക്ലോസ് ഇന്നലെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഒരു മണിക്കൂറിനുശേഷം റിലേയിലും സ്വർണം. 7:00.66 സെക്കൻഡിൽ ഫിനിഷ് ചെതും കോണർ ഡ്വയർ, ടൗൺലീ ഹാസ്, റയാൻ ലോച്ചെ, ഫെൽപ്‌സ് എന്നിവരടങ്ങിയ സംഘം. ഫെൽപ്‌സ് അവസാന ലാപ്പിലാണ് നീന്തിയത്. ബ്രിട്ടന് വെള്ളി, ജപ്പാന് വെങ്കലം.
2000ൽ പതിനഞ്ചാം വയസിൽ സിഡ്‌നിയിൽ ആദ്യ ഒളിമ്പിക്‌സിനിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ, നാലു വർഷത്തിനു ശേഷം ഏതൻസിൽ ആറു സ്വർണം നേടി കരുത്തു തെളിയിച്ചു. ഒപ്പം രണ്ടു വെങ്കലവും. ഈ പ്രകടനം ഒരു ഒളിമ്പിക്‌സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ സോവിയറ്റ് യൂണിയൻ ജിംനാസ്റ്റ് അലക്‌സാണ്ടർ ദിത്യാറ്റിന്റെ ഒപ്പമെത്തിച്ചു.
2008-ൽ ബീജിങ്ങിലാണ് വിശ്വരൂപം പുറത്തെടുത്തത്. പങ്കെടുത്ത എട്ടിനങ്ങളിൽ ഏഴെണ്ണത്തിൽ ലോകറെക്കോഡോടെയും ഒരെണ്ണത്തിൽ ഒളിമ്പിക് റെക്കോഡോടെയും സ്വർണം. അഞ്ച് വ്യക്തിഗത ഇനങ്ങളിലും മൂന്ന് റിലേയിലുമാണ് സ്വർണം സ്വന്തമാക്കിയത്. എന്നാൽ, കഴിഞ്ഞ തവണ ലണ്ടനിൽ ഫെൽപ്‌സിന് അവസരത്തിനൊത്തുയരാൻ കഴിഞ്ഞില്ലെങ്കിലും നാല് സ്വർണവും രണ്ട് വെള്ളിയും നീന്തിയെടുത്തു.
ഒളിമ്പിക്‌സിന് പുറമെ ലോക ചാമ്പ്യൻഷിപ്പുകളും മറ്റും കണക്കിലെടുത്താൽെഫൽപ്‌സിന്റെ ശേഖരത്തിലുള്ളത് 64 സ്വർണവും 13 വെള്ളിയും മൂന്നു വെങ്കലവുമടക്കം 80 മെഡലുകൾ. 39 തവണയാണ് വിവിധ വിഭാഗങ്ങളിലായി ലോക റെക്കോഡുകൾ തിരുത്തിയത്. അതിൽ 29 എണ്ണം വ്യക്തിഗതവും 10 എണ്ണം റിലേയിലും. നിലവിൽ തകർക്കപ്പെടാത്ത ഏഴ് റെക്കോഡുകൾ ഫെൽപ്‌സിന്റെ പേരിലുണ്ട്. 400 മീറ്റർ വ്യക്തിഗത മെഡ്‌ലെ, 4-100, 4-200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, 100, 200 മീറ്റർ ബട്ടർഫ്‌ളൈ, 4-100 മീറ്റർ മെഡ്‌ലെ റിലേ, 4-100 മീറ്റർ ഫ്രീസ്റ്റൈൽ (ഷോട്ട് കോഴ്‌സ്) എന്നിവയിലേത്.
ലണ്ടൻ ഒളിമ്പിക്‌സിനുശേഷം ഫെൽപ്‌സ് ഒരിക്കൽ നീന്തൽക്കുളത്തോടു വിടപറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിന് 2014ൽ അറസ്റ്റ് ചെയ്യപ്പെട്ടു. പത്തുവർഷത്തിനിടെ രണ്ടാം പ്രാവശ്യമാണ് സംഭവം. ഇതേത്തുടർന്ന് മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ആറ് മാസത്തെ വിലക്ക് ലഭിച്ചു. പേരും പ്രശസ്തിയും ആവോളം ലഭിച്ചിട്ടും ഫെൽപ്‌സ് മദ്യത്തിനും മറ്റ് ലഹരിവസ്തുക്കൾക്കും അടിമയായി.
ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചിട്ടുണ്ടെന്ന് ഫെൽപ്‌സ് തന്നെ പറയുകയും ചെയ്തിരുന്നു. അരിസോണയിലെ പുനരധിവാസ കേന്ദ്രത്തിൽ ഫെൽപ്‌സ് ചികിത്സ തേടി. അവിടെവച്ച് വായിച്ച ‘ദ പർപ്പസ് ഡ്രിവൺ ലൈഫ്’ എന്ന പുസ്തകമാണ് ഫെൽപ്‌സിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് ഒളിമ്പിക്‌സിന് മുൻപായി താരം തന്നെ വെളിപ്പെടുത്തിയിരുന്നു.
















