റിയോ ഡി ജനീറോ: ഇന്ത്യൻ മെഡൽ സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് പുരുഷന്മാരുടെ അമ്പെയ്‌ത്തിൽ ഇന്ത്യൻതാരം അതനു ദാസ് പ്രീ ക്വാർട്ടറിൽ. റൗണ്ട് ഓഫ് 32-ൽ ക്യൂബൻ താരം അഡ്രിയാൻ പ്യൂൻടെസിനെ 6-4ന് തോൽപ്പിച്ചാണ് അതനു അവസാന 16-ൽ ഇടംപിടിച്ചത്. പ്രീ ക്വാർട്ടറിൽ കൊറിയൻ താരം ലീ സ്യുങ് യുൻ എതിരാളി.
വെള്ളിയാഴ്ച വൈകിട്ട് 5.45ന് മത്സരം.
അഞ്ച് സെറ്റുകളിൽ 28, 29, 26, 27, 29 എന്നിങ്ങിനെയാണ് അതനുവിന്റെ പോയിന്റുകൾ. ആന്ദ്രെയുടേത് 26, 26, 27, 28, 28 എന്നിങ്ങിനെയും. ആദ്യ രണ്ട് സെറ്റുകളിലും രണ്ട് പോയിന്റിന്റെ മേൽക്കൈ നേടാൻ കഴിഞ്ഞ അതനു തുടന്നുള്ള രണ്ട് സെറ്റുകളിലും രണ്ട് പോയിന്റ് വീതം അടിയറവച്ച് മത്സരം സമനിലയിലാക്കി.
ഒടുവിൽ അവസാന സെറ്റിൽ അതനു ആദ്യത്തെ അമ്പിൽ ഒൻപതും അവസാനത്തെ രണ്ടെണ്ണത്തിൽ പത്തും നേടിയപ്പോൾ ആന്ദ്രെയ്‌ക്ക് ആദ്യത്തെ രണ്ടെണ്ണത്തിൽ ഒൻപത് പോയിന്റ് മാത്രമാണ് നേടാനായത്. അവസാനത്തേതിൽ പത്ത് പോയിന്റ് നേടിയെങ്കിലും 28-29 എന്ന സ്‌കോറിൽ രണ്ട് സെറ്റ് പോയിന്റും മത്സരവും അടിയറവയ്‌ക്കേണ്ടിവന്നു.
നേരത്തെ പ്രീക്വാർട്ടറിൽ നേപ്പാളിന്റെ ജിത്ബഹാദൂറിനെയാണ് അതാനുദാസ് തോൽപിച്ചത് (6-0).
















