റിയോ ഡി ജനീറോ: അർജന്റീനയെ തകർത്ത് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കി ക്വാർട്ടർ സാധ്യത സജീവമാക്കി. ഇന്നലെ ഗ്രൂപ്പ് ബിയിൽ നടന്ന കളിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ശ്രീജേഷും കൂട്ടരും വിജയം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ചിങ്‌ലെസാനാ കംഗുജാമും കോത്തജിത്ത് സിങും ഗോൾ നേടി. കഴിഞ്ഞ ദിവസം ജർമ്മനിയോട് പരാജയപ്പെട്ട ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിനും മത്സരം സാക്ഷ്യം വഹിച്ചു. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് രണ്ട് വിജയത്തോടെ ആറ് പോയിന്റായി.
അർജന്റീനക്കെതിരെ എട്ടാം മിനിറ്റിലാണ് ഇന്ത്യലീഡ് നേടിയത്. പെനാൽറ്റി കോർണറിൽ നിന്ന് ചിങ്‌ലെസാനാ കംഗുജാമാണ് അർജന്റീന വല കുലുക്കിയത്. തുടർന്നും മികച്ച ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യ ക്വാർട്ടറിൽ ലീഡ് ഉയർത്താൻ കഴിഞ്ഞില്ല.
ഇടയ്‌ക്ക് അർജന്റീന ഒന്നുരണ്ട് മുന്നേറ്റം നടത്തിയെങ്കിലും ശ്രീജേഷിന്റെ അവസരോചിതമായ ഇടപെടൽ ഗോൾ നേടുന്നതിൽ നിന്ന് അവരെ തടഞ്ഞു. രണ്ടാം ക്വാർട്ടറിലും ഗോൾ വിട്ടുനിന്നതോടെ ആദ്യ പകുതിയിൽ ഇന്ത്യ 1-0ന് മുന്നിൽ. പിന്നീട് 35-ാം മിനിറ്റിൽ ഇന്ത്യ ലീഡ് ഉയർത്തി. സുന്ദരമായ ഫീൽഡ് ഗോളിലൂടെ കോത്തജിത്ത് സിങാണ് ലക്ഷ്യം കണ്ടത്. എന്നാൽ 48-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ അർജന്റീന ഒരു ഗോൾ മടക്കി.
ഗോൺസാലോ പിലാറ്റിയാണ് ഗോൾ നേടിയത്. പിന്നീട് സമനില ഗോളിനായി അർജന്റീന വർദ്ധിത വീര്യത്തോടെ പൊരുതി. അവസാന മിനിറ്റുകളിൽ തുടർച്ചയായി അഞ്ച് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ നായകൻ പി.ആർ. ശ്രീജേഷിനെ മറികടന്ന് അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ അർജന്റീനക്ക് കഴിയാതിരുന്നതോടെ വിജയം ഇന്ത്യക്ക് സ്വന്തം.
















