റിയോ ഡി ജനീറോ: ടെന്നീസിൽ വമ്പൻ അട്ടിമറികൾ തുടരുന്നു. കഴിഞ്ഞ ദിവസം വനിതാ സിംഗിൾസിൽ വീനസ് വില്യംസ്, അന ഇവാനോവിച്ച്, ആഗ്നിയേസ്‌ക റഡ്‌വാൻസ്‌ക, റോബർട്ട വിൻസി, ടിമേയ ബസ്‌കിൻസ്‌കി എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായതിനു പിന്നാലെ പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ദ്യോക്കോവിച്ചും പുറത്ത്. വനിതാ ഡബിൾസിൽ തുടർച്ചയായ മൂന്ന് ഒളിമ്പിക് സ്വർണവുമായെത്തിയ അമേരിക്കയുടെ വീനസ് സഹോദരിമാരും ആദ്യ മത്സരത്തിൽ തന്നെ പുറത്തായി.
ദ്യോക്കോവിച്ചിനെ അർജന്റീനയുടെ ജുവാൻ മാർട്ടിൻ ഡെൽ പോർട്ടോയാണ് നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചത്. സ്‌കോർ: (7-6 (7-4), 7-6 (7-2). ലോക റാങ്കിങിൽ 145-ാം സ്ഥാനത്താണ് ഡെൽ പോട്രോ. അതേസമയം ആൻഡി മുറെ, റാഫേൽ നദാൽ, ഡേവിഡ് ഫെറർ, ഡേവിഡ് ഗോഫിൻ തുടങ്ങിയവർ രണ്ടാം റൗണ്ടിലെത്തി.
വനിതാ ഡബിൾസിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവ- ബാർബോറ ക്രെയിസ്‌കോവ സഖ്യമാണ് ഒന്നാം സീഡുകളായ സെറീന-വീനസ് സഖ്യത്തെ തകർത്തത്. സ്‌കോർ 6-3, 6-4.
അതേസമയം വനിതാ സിംഗിൾസിൽ സെറീന രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ഡാരിയ ഗാവ്‌രിയോളയെ 6-4, 6-2 എന്ന ക്രമത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് സെറീന പരാജയപ്പെടുത്തി. ജർമ്മൻ താരം ആഞ്ചലിക് കെർബർ, സ്പാനിഷ് താരം ഗാർബിനെ മുഗുരുസ, അമേരിക്കയുടെ മാഡിസൺ കെയ്‌സ്, ഇറ്റലിയുടെ സാറാ ഇറാനി, ഓസ്‌ട്രേലയയുടെ സാമന്ത സ്‌റ്റോസർ തുടങ്ങിയവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
















