ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ യുഡിഎഫ് ഭരണം കയ്യാലപുറത്തായി, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഒരു അംഗം പിന്തുണ പിന്‍വലിച്ചാല്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെടും. നിലവിലെ സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ യുഡിഎഫിന് പിന്തുണ തുടരുമെന്നാണ് മാണി വിഭാഗം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസിലെ പ്രബലവിഭാഗം തദ്ദേശസ്ഥാപനങ്ങളിലും മാണിയുടെ പിന്തുണ വേണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ആലപ്പുഴ നഗരസഭയില്‍ ഈ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമോയെന്ന് കണ്ടറിയണം. കേരളാ കോണ്‍ഗ്രസിന്റെ ഒരംഗത്തിന്റെയും, കോണ്‍ഗ്രസ് റിബലിന്റെയും പിന്തുണയിലാണ് നിലവില്‍ യുഡിഎഫ് ഭരണം നടത്തുന്നത്. മുസഌംലീഗിനും, കോണ്‍ഗ്രസിനുമായി ആകെ 25 അംഗങ്ങള്‍ മാത്രമാണുള്ളത്. 52 അംഗ കൗണ്‍സില്‍ 27 അംഗങ്ങളാണ് ഭരണം നിലനിര്‍ത്താന്‍ വേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാണി വിഭാഗം കൗണ്‍സിലര്‍ പിന്തുണ പിന്‍വലിച്ചാല്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന പിഡിപിയെ സ്വാധീനിക്കാനാകും കോണ്‍ഗ്രസ് ശ്രമം നടത്തുക. ഇതുസംബന്ധിച്ച ചില നേതാക്കള്‍ രഹസ്യ നീക്കം തുടങ്ങിയതായും വിവരം ഉണ്ട്.















