വൃദ്ധയെ ഇടിച്ചിട്ട
ആഡംബരക്കാര്‍
ചെങ്ങന്നൂര്‍: കാല്‍നട യാത്രക്കാരിയായ വൃദ്ധയെ ഇടിച്ചുവീഴ്‌ത്തിയ ആഡംബരക്കാര്‍ വെണ്മണി പോലീസ് കസ്റ്റഡിയിലെടുത്തു. ഇടിയുടെ ആഘാതത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചെറിയനാട് ചെറുവല്ലൂര്‍ പുത്തന്‍പാലത്ത് കൊച്ചുകുഞ്ഞ് റാവുത്തറുടെ ഭാര്യ തങ്കമ്മബീവി(73)യെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
വിദേശ മലയാളിയും ചെങ്ങന്നൂര്‍ തിട്ടമേല്‍ തിരുവമ്പാടിവീട്ടില്‍ സന്തോഷിന്റെ കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം വൈകിട്ട് 5.30ന് കൊല്ലകടവ് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപമായിരുന്നു അപകടം.
ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും അമിത വേഗതയില്‍ വന്ന കാര്‍ വൃദ്ധയെ പുറകില്‍നിന്നും ഇടിച്ചുതെറിപ്പിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ഓടിക്കൂടി ഇവരെ ആലക്കോടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലേക്കും മാറ്റി.
തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദ്ദേശ പ്രകാരം രാത്രി ഒന്‍പതിന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി ശിവസുതന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളുടെ വീട്ടില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. പോലീസെത്തുന്നതുകണ്ട് സന്തോഷ് തിരുവമ്പാടി വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ടു.















