ധര്‍മ്മടം: കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന സിപിഎം ഇപ്പോള്‍ ആശയ ദാരിദ്ര്യം മൂലം പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്നതിന്റെ അങ്കലാപ്പിലാണെന്നും അതില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പറഞ്ഞു. പ്രത്യയശാസ്ത്രത്തിന്റെ തകര്‍ച്ച നേരില്‍ കണ്ട് തളര്‍ന്ന സിപിഎം കേരളത്തില്‍ ഭരണമാറ്റത്തിലൂടെ വമ്പിച്ച വികസനം കൊണ്ടുവരും എന്ന് വീമ്പുപറഞ്ഞ് അധികാരത്തില്‍ വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പുകയാണ്. ബിജെപി ധര്‍മ്മടം നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ വെള്ളച്ചാല്‍ ശ്രേഷ്ഠഭാരത് സേവാ ട്രസ്റ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വിലക്കയറ്റവും അക്രമങ്ങളും കൊണ്ട് ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെ ഹൈജാക്ക് ചെയ്ത് തങ്ങളുടേതാക്കി പ്രചരിപ്പിക്കുന്ന നാണംകെട്ട ഏര്‍പ്പാടാണ് കേരളത്തിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
കണ്‍വെന്‍ഷനില്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പി.രത്‌നാകരന്‍ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വിജയന്‍ വട്ടിപ്രം, മോഹനന്‍ മാനന്തേരി, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.കെ.ഗിരിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് പി.ആര്‍.രാജന്‍ അധ്യക്ഷത വഹിച്ചു.
















