ചേര്‍ത്തല: താലൂക്ക് ആശുപത്രിയില്‍ കക്കൂസ് ടാങ്ക് പൊട്ടിയൊലിക്കുന്നു. പ്രദേശമാകെ ദുര്‍ഗന്ധംവമിച്ച് രോഗികള്‍ ബുദ്ധിമുട്ടിലാണ്. കക്കൂസ് ടാങ്ക് നിറഞ്ഞുകവിഞ്ഞും കുഴലുകള്‍ ചോര്‍ന്നൊലിച്ചും ആശുപത്രിവളപ്പില്‍ മലിനജലം പരന്നൊഴുകുന്നു. അത്യാഹിതവിഭാഗം നേരത്തെ പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ വടക്കേയറ്റത്തോട് ചേര്‍ന്നാണ് മലിനജലം പ്രവഹിക്കുന്നത്. ഇവിടെയാണ് ഒപി ടിക്കറ്റ് കൗണ്ടറുള്ളത്. രോഗികളും അനുഗമിക്കുന്നവരുമായി നൂറുകണക്കിനാളുകള്‍ എത്തുന്നയിടമാണിത്. കക്കൂസ് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. ത•ൂലം അസഹ്യമായ ദുര്‍ഗന്ധമാണ് ഈ ഭാഗത്ത്. മൂക്കുപൊത്തിവേണം ഇതുവഴി കടന്നുപോകാന്‍. സൂക്ഷിച്ചില്ലെങ്കില്‍ മാലിന്യത്തില്‍ ചവിട്ടിയതുതന്നെ. സമാനമായ ദുരവസ്ഥ ആശുപത്രിയില്‍ മറ്റുചിലയിടങ്ങളിലും രൂപപ്പെട്ടിട്ട് നാളേറെയായി. ചില ബ്ലോക്കുകളില്‍ ശുചിമുറികളുടെ അവസ്ഥ പരിതാപകരമാണ്. ദേശീയ അംഗീകാരമുള്ള ആശുപത്രിയില്‍ ശുചിത്വപരിപാലനത്തില്‍ ഗുരുതര അലംഭാവമാണ് അധികാരികള്‍ കാട്ടുന്നത്. നഗരസഭ അധികാരികള്‍ വേണ്ടത്ര ശ്രദ്ധ ഇവിടെ പതിപ്പിക്കാത്തതാണ് തകര്‍ച്ചയുടെ അടിസ്ഥാന കാരണം. ദേശീയ അംഗീകാരത്തിന് ശുചിത്വപരിപാലനം പ്രധാന ഘടകമാണ്. ഇന്നത്തെ നിലയിലാണെങ്കില്‍ അംഗീകാരം പുതുക്കിക്കിട്ടുക ബുദ്ധിമുട്ടാകും.
















