കണ്ണൂര്‍: ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണത്തിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതുമായ കാസിയ ഉപയോഗിക്കുന്നതായി കണ്ടെത്തി. തളിപ്പറമ്പ് പാല്‍ക്കുളങ്ങര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വ്വേദ നിര്‍മ്മാണ സ്ഥാപനത്തിലാണ് ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണത്തിന് കാസിയ ഉപയോഗിക്കുന്നതായി സര്‍ക്കാര്‍ ലാബിലെ പരിശോധനയില്‍ തെളിഞ്ഞതായി വിവരാവകാശ നിയമപ്രകാരം വിവരം ലഭിച്ചത്. കാസിയക്കെതിരെ വര്‍ഷങ്ങളായി പോരാട്ടം നടത്തുന്ന കണ്ണൂര്‍ പയ്യാമ്പലം സ്വദേശി ലിയാനാര്‍ഡോ നല്‍കിയ കത്തിനുളള മറുപടിയില്‍ സംസ്ഥാന ആയുര്‍വ്വേദ വിഭാഗത്തിലെ ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയമാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. നിരവധി സ്ഥാപനങ്ങളിലെ സാബിളുകള്‍ പരിശോധിച്ചെങ്കിലും ഒരു സ്ഥാപനത്തില്‍ മാത്രമാണ് ഇത് കണ്ടെത്തിയതെന്ന് രേഖ പറയുന്നു. ഈ സ്ഥാപനങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് വീണ്ടും ടെസ്റ്റിംങ്ങിനയക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാസിയയാണെന്ന് സ്ഥിരീകരിച്ച സ്ഥാപനത്തില്‍ നിന്നും കാസിയ ഉപയോഗിച്ച് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കാനും ഫാര്‍മസിയില്‍ സ്റ്റോക്കുളള ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതായും രേഖയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
















