മുംബൈ: ഔറംഗബാദ് ആയുധക്കടത്ത് കേസില്‍ ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ അബു ജുന്‍ഡാല്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്. മുബൈയിലെ പ്രത്യേക മക്കോക്ക കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസില്‍ രണ്ടുപേര്‍ക്ക് 14 വര്‍ഷവും മൂന്നു പേര്‍ക്ക് എട്ടു വര്‍ഷവും ശിക്ഷ വിധിച്ചു.
കഴിഞ്ഞാഴ്ചയാണ് ജുന്‍ഡാലും സയിദ് സബിബുദീന്‍ അന്‍സാരിയും ഉള്‍പ്പെടെ 12 പേര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. കേസില്‍ പത്തു പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
2006 മെയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. തീവ്രവാദ ബന്ധമുണ്ടെന്നു സംശയിക്കുന്നവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഔറംഗാബാദിനടുത്ത് വെച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും പത്ത് എകെ 47 തോക്കുകളും, 3200 വെടിയുണ്ടകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
നരേന്ദ്ര മോദിയേയും വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയേയും വധിക്കാന്‍ ഇവര്‍ ഗുഢാലോചന നടത്തുകയായിരുന്നുവെന്ന് മക്കോക്ക കോടതി കണ്ടെത്തുകയായിരുന്നു. ജിഹാദിന്റെ പേരില്‍ ഭാരതത്തില്‍ ഭീകരാക്രമണം നടത്താന്‍ പിടിയിലായവര്‍ പദ്ധതിയിട്ടതായും കോടതി കണ്ടെത്തി.
2012ല്‍ സൗദി അറേബ്യയില്‍ നിന്ന് ജുന്‍ഡാലിനെ ഭാരതത്തിലേക്ക് നാടുകടത്തുകയായിരുന്നു. മുംബൈയില്‍ നടന്ന ഭീകരാക്രമണക്കേസിലും പ്രതിയാണ് ജുന്‍ഡാല്‍.
















