ന്യൂദൽഹി: സൗദി അറേബ്യയിലെ ജിദ്ദ പ്രവിശ്യയിൽ ജോലി നഷ്ടപ്പെട്ട 800ഓളം ഭാരതീയർ പട്ടിണിയിലാണെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ് സൗദിയിലേക്ക് യാത്ര തിരിക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നിർദ്ദേശത്തെ തുടർന്നാണ് അദ്ദേഹം സൗദിയിലേക്ക് പോകുന്നത്.
ജോലി നഷ്ടപ്പെട്ടവരിലൊരാൾ സുഷമ സ്വരാജിന് അയച്ച ട്വിറ്റർ സന്ദേശത്തിലാണ് ജിദ്ദയിലെ ദയനീയാവസ്ഥ പുറത്ത് അറിയുന്നത്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് മൂന്ന് ദിവസമായി പട്ടിണി കിടക്കുന്ന തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് കൊണ്ട് പ്രവാസികളിലൊരാൾ സന്ദേശമയച്ചത്. സന്ദേശം ലഭിച്ച ഉടൻ തന്നെ മന്ത്രി ഇവർക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.
ജിദ്ദയിലെ ഇന്ത്യൻ എംബസിയോട് ദുരിതം അനുഭവിക്കുന്ന 800 പ്രവാസികൾക്ക് ഭക്ഷണവും താമസ സൗകര്യവും നൽകാൻ നിർദേശിച്ചെന്ന് സുഷമ സ്വരാജ് ട്വിറ്ററിൽ പറഞ്ഞു. ഇതിനു പുറമെ ജിദ്ദയിലെ പ്രശ്നം പരിഹരിക്കാൻ വിദേശകാര്യ സഹമന്ത്രി വികെ സിങ് ഉടൻ തന്നെ ജിദ്ദയിൽ എത്തുമെന്നും അവർ സൂചിപ്പിച്ചു.
സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഭാരതീയർ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്, അനാവശ്യമായി പിരിച്ചു വിടൽ, വേതനം കൃത്യമായി നൽകാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് ഭാരതത്തിലെ സഹോദരി സഹോദരന്മാർ നെട്ടോട്ടം ഓടുകയാണ്, ഇതെല്ലാം പരിഹരിക്കുന്നതിൽ വിദേശകാര്യ മന്ത്രാലയം പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും മന്ത്രി അറിയിച്ചു.
















