ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവനുനേരെയുള്ള ഭീഷണി അതീവ ഗൗരവതരമാണെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. അതിനാൽ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചെങ്കോട്ടയിൽ നിന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ പതിവിൽ കവിഞ്ഞ സുരക്ഷ ഒരുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും മോദി സുരക്ഷാ വലയം ഉപേക്ഷിക്കുകയും പ്രസംഗ വേദിക്കുമുന്നിലുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന്റെ ചട്ടക്കൂട് വേണ്ടെന്ന് വയ്‌ക്കുകയും ചെയ്തിരുന്നു. ഇക്കുറി അങ്ങനെ ചെയ്യരുതെന്നാണ് സുരക്ഷാ ഏജൻസികൾ മോദിയോട് അഭ്യർഥിച്ചിരിക്കുന്നത്. ഐബിയും എസ്പിജിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് ഇക്കാര്യം സംസാരിച്ചു.
ഇക്കുറി ഭീകര സംഘടനകളുടെ ഏകോപിപ്പിച്ചുള്ള ആക്രമണമോ ഒറ്റയാൾ ആക്രമണമോ ഉണ്ടാകാമെന്നാണ് സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചിട്ടുള്ള വിവരം.
ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയേക്കാമെന്നും ഭീകരരുടെ സന്ദേശങ്ങളിൽ നിന്ന് സൂചനയുണ്ട്. ഐഎസ്, അൽഖ്വയ്ദ, ലഷ്‌ക്കർ ഇെതായ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, ഹർക്കത്ത് ഉൾ ജിഹാദി എന്നിവയെല്ലാം കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. ഇവയ്‌ക്കു പുറമേ മഹാരാഷ്‌ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കൂടുതൽ ജാഗ്രത പുലർത്താനും ഐബി നിർദ്ദേശം നൽകിയിട്ടുണ്ട്.
















