ന്യൂദല്‍ഹി:ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കും ടൈംസ് നൗ ചാനലിനുമെതിരെ 500 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. അര്‍ണബ് ഗോസ്വാമി വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും തനിക്കെതിരെ മാധ്യമ വിചാരണ നടത്തുന്നുവെന്ന് ആരോപിച്ച് സാക്കീര്‍ നായിക്കാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചതായി പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാക്കീര്‍ നായികിന്റെ അഭിഭാഷകന്‍ മുബിന്‍ സോല്‍ക്കര്‍ വ്യക്തമാക്കി. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തിയെന്നും തന്റെയും മുസ്ലീം ജനതയുടേയും മതവികാരം വ്രണപ്പെടുത്തിയെന്നും നോട്ടീസില്‍ ആരോപിക്കുന്നുണ്ട്.
ടൈംസ് നൗ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അവിനാശ് കൗള്‍, ടൈംസ് ഗ്ളോബല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സുനില്‍ ലല്ല എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
സാക്കീര്‍ നായികിനെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയ എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും മുബിന്‍ സോല്‍ക്കര്‍ പറഞ്ഞു.
















