ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ കുളച്ചലില്‍ പുതിയ തുറമുഖം വരുന്നതിനെതിരെ കേരള സര്‍ക്കാര്‍ പ്രധാനമന്ത്രിയെ സമീപിക്കുന്നു. കേരളത്തിന്റെ വിഴിഞ്ഞം തുറമുഖ പദ്ധതിയെ കുളച്ചില്‍ പദ്ധതി ബാധിക്കുമോയന്ന ആശങ്കയുയര്‍ത്തി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും.
വിഴിഞ്ഞത്തിന് 25 കിലോമീറ്റര്‍ അകലെ കുളച്ചിലില്‍ പുതിയ അന്താരാഷ്‌ട്ര തുറമുഖം സ്ഥാപിക്കാന്‍ രണ്ടാഴ്ച മുമ്പ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പദ്ധതി നടത്തിപ്പിലുണ്ടായ ആശങ്ക പരിഹരിക്കുന്നതിനായാണ് പ്രധാനമന്ത്രിയുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തുന്നത്. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. എംപിമാരായ സുരേഷ് ഗോപി, സി.പി. നാരായണന്‍, പി. കരുണാകരന്‍, ശശി തരൂര്‍ എന്നിവരും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടാകും.
കേന്ദ്രതുറമുഖ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ മണ്ഡലമായ കന്യാകുമാരിയിലാണ് പുതിയ കുളച്ചില്‍ തുറമുഖം പ്രഖ്യാപിച്ചത്. വിഴിഞ്ഞത്തേക്കാള്‍ കൂടുതല്‍ ലാഭകരമായ പദ്ധതി കുളച്ചിലിലേതാണെന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തുറമുഖത്തിന് കേന്ദ്രം അനുമതി നല്‍കിയത്. എന്നാല്‍ 25 കിലോമീറ്ററിനുള്ളില്‍ രണ്ട് അന്താരാഷ്‌ട്ര തുറമുഖങ്ങള്‍ വരുന്നതിനെയാണ് കേരളം എതിര്‍ക്കുന്നത്.
















