മുംബൈ: മലയാളി യാത്രക്കാരന്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെക്കുറിച്ച് പ്രസംഗിച്ചത് പരിഭ്രാന്തി പരത്തി, ദുബായിയില്‍ നിന്നു കോഴിക്കോട്ടേക്കുള്ള വിമാനം മുംബൈയില്‍ ഇറക്കി. പുലര്‍ച്ചെ 4.30ന് ദുബായില്‍ നിന്നു പുറപ്പെട്ട് അരമണിക്കൂറിനു ശേഷം ഒരു യാത്രക്കാരന്‍ എഴുന്നേറ്റു നിന്ന് ഐഎസിനെക്കുറിച്ച് ഉച്ചത്തില്‍ പ്രസംഗിക്കുകയായിരുന്നു.
നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അക്രമാസക്തനായി. അതിനിടെ യാത്രക്കാരില്‍ ഒരാളായ ബന്ധു ഇയാള്‍ക്ക് മനോവൈകല്യമുള്ളതായി അറിയിച്ചതോടെയാണ് പരിഭ്രാന്തിക്ക് അയവുണ്ടായത്.
ഒന്നര മാസം മുന്‍പാണ് കണ്ണൂര്‍ കടവത്തൂര്‍ പാലത്തായി സ്വദേശി വിദേശത്തു പോയത്. അവിടെ മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് തിരികെ പോരുകയായിരുന്നുവെന്ന് ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ബന്ധു പറഞ്ഞു.
ഒന്നര മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ഇയാളെ യാത്രികരും ജീവനക്കാരും സംയുക്തമായി കീഴ്‌പ്പെടുത്തി. തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. എന്നാല്‍, ഇയാള്‍ ഐഎസ് വിരുദ്ധ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയതെന്ന് സഹയാത്രികരില്‍ ചിലര്‍ പറയുന്നു.
സഹോദരങ്ങളെ സിഐഎസ്എഫിനു കൈമാറിയ ശേഷം രണ്ടു മണിക്കൂര്‍ വൈകി 9.50-ന് വിമാനം കരിപ്പൂരില്‍ ഇറക്കി. വിമാനത്തിന് അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നതിനെക്കുറിച്ച് സിഐഎസ്എഫ് അന്വേഷണം ആരംഭിച്ചു.
















