ആലപ്പുഴ: ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡുകള്‍ സഞ്ചാര യോഗ്യമാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതില്‍ പ്രതിഷേധിച്ച് ധനമന്ത്രിയുടെ വീട്ടില്‍ നിന്നും പൊതുമരാമത്ത് മന്ത്രിയുടെ വീട്ടിലേക്ക് ബിജെപി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ കുഴിയെണ്ണല്‍ യാത്ര നടത്തും.
30ന് രാവിലെ 11ന് ധനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരംഭിക്കുന്ന യാത്ര പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ സമാപിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി വി. ശിവന്‍കുട്ടി, ദക്ഷിണ മേഖലാ അദ്ധ്യക്ഷന്‍ വെള്ളിയാകുളം പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിക്കുമെന്ന് യാത്രാ ഉപസമിതി കണ്‍വീനറും ജില്ലാ വൈസ്പ്രസിഡന്റുമായ പി. കെ. വാസുദേവന്‍ അറിയിച്ചു.
















