ന്യൂദല്‍ഹി: അന്തര്‍വാഹിനികളെ കണ്ടെത്തി നശിപ്പിക്കുന്ന തരം യുദ്ധവിമാനങ്ങളായ പി 81 (പോസിഡോണ്‍ 81) വാങ്ങാന്‍ ഭാരതം അമേരിക്കയുമായി കരാര്‍ ഒപ്പിട്ടു. ഇത്തരം നാലു വിമാനങ്ങളാണ് അറുനൂറു കോടി രൂപ മുടക്കി വാങ്ങുക. മുന്‍പ് ഇത്തരം എട്ടുവിമാനങ്ങള്‍ 210 കോടി ഡോളറിന് വാങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ കരാറും. അമേരിക്കയിലെ ബോയിംങ് കമ്പനിയാണ് വിമാനം നിര്‍മ്മിക്കുന്നത്.
കൂടുതല്‍ പി81 വിമാനങ്ങള്‍ വരുന്നതോടെ നാവിക സേനയുടെ കരുത്ത് കൂടും. റഷ്യന്‍ നിര്‍മ്മിത ടിയു 142 വിമാനങ്ങള്‍ക്കു പകരമാകും ഇവ നാവിക സേനയില്‍ ഉള്‍പ്പെടുത്തുക. ഇരട്ട കോക്പിറ്റാണ് ഉള്ളത്. ചെറിയ സ്ഥലത്തു പോലും ലാന്‍ഡ് ചെയ്യാന്‍ ഇവയ്‌ക്ക് കഴിയും. ടോര്‍പിഡോകള്‍ സൂക്ഷിക്കാനുള്ള പ്രത്യേക അറകളുണ്ട്. മിസൈലുകളും ബോംബുകളും കുഴിബോംബുകളും വഹിക്കാന്‍ ഇവയ്‌ക്ക് കഴിയും. മണിക്കൂറില്‍ 450 മൈലാണ് വേഗത. 4500 നോട്ടിക്കല്‍ മൈല്‍ വരെ ഒറ്റയടിക്ക് പറക്കാന്‍ കഴിയും.
പുതിയ കരാറനുസരിച്ചുള്ള വിമാനങ്ങള്‍ മൂന്നുവര്‍ഷത്തിനകം നാവികസേനയ്‌ക്ക് ലഭിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് അന്തര്‍വാഹിനികളുടെ ഭീഷണി മറികടക്കുന്നതിനായാണ് അന്തര്‍വാഹിനിവേധ എയര്‍ക്രാഫ്റ്റുകള്‍ ബോയിങില്‍ നിന്നും ഭാരതം വാങ്ങിയത്. അതീവ പ്രഹരശേഷിയുള്ള ഹാര്‍പൂണ്‍ ബ്ലോക്ക്-2 മിസൈലുകളും എംകെ-54 ലഘുടോര്‍പ്പിഡോകളും റോക്കറ്റുകളും വഹിക്കുന്ന ഇവ ഇന്ത്യന്‍ മഹാസമുദ്രത്തിനാകെ സംരക്ഷണം നല്‍കാനുതകുന്നതാണ്.
അമേരിക്കയുമായി കഴിഞ്ഞ പത്തുവര്‍ഷത്തിനകം 1,500 കോടി രൂപയുടെ പ്രതിരോധ കരാറുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ആരക്കോണത്താണ് പി-81ന്റെ എയര്‍ബേസ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കഴിഞ്ഞ ദിവസം കാണാതായ എഎന്‍-32 എയര്‍ക്രാഫ്റ്റിനായി തിരച്ചില്‍ നടത്തുന്നത് പി.81 വിമാനങ്ങളാണ്.
















