മുംബൈ: രാജസ്ഥാനിലെ സംരക്ഷിത വിഭാഗത്തില്‍ പെട്ട ചിങ്കാര മാനിനെ വേട്ടയാടിയ സംഭവത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വെളിപ്പെടുത്തലുമായി താരത്തിന്റെ മുന്‍ ഡ്രൈവര്‍ രംഗത്ത്.
മാനിനെ വെടിവച്ചത് സല്‍മാന്‍ ഖാന്‍ തന്നെയാണെന്ന് ഡ്രൈവര്‍ ഹരീഷ് ദുലാനി പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇയാളുടെ വെളിപ്പെടുത്തല്‍.
18 വര്‍ഷം മുമ്പ് നടന്ന കേസില്‍ കഴിഞ്ഞ ദിവസം സല്‍മാനെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
സല്‍മാന്‍ തന്നെയാണ് ചിങ്കാരയെ കൊന്നതെന്ന് 18 വര്‍ഷം മുന്‍പ് ഹരീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് 2002 മുതല്‍ ഇയാളെ കാണാതായി.
സല്‍മാന്‍ഖാനെതിരെ മൊഴി നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ തന്റെ കുടുംബാംഗങ്ങളെ വധിക്കുമെന്ന് ഭീഷണി ഉയര്‍ന്നു. സുരക്ഷാ പ്രശ്നം കാരണമാണ് താന്‍ മാറി നിന്നതെന്നും ഇയാള്‍ പറഞ്ഞു.
സംഭവം നടക്കുന്ന ദിവസം സല്‍മാന്‍ ഖാന്‍ തന്നെയാണ് വാഹനമോടിച്ചത്. മാത്രമല്ല, ചിങ്കാരയെ വെടിവയ്‌ക്കുകയും കഴുത്ത് അറുക്കുകയും ചെയ്തെന്നും ഇയാള്‍ പറഞ്ഞു. സല്‍മാനും സഹതാരങ്ങളും വേട്ടയാടല്‍ നടത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച ജീപ്പിന്റെ ഡ്രൈവര്‍ ഹരീസ് ദുലാനി ആയിരുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്നും സുരക്ഷ ഉറപ്പ് തന്നാല്‍ കോടതിയില്‍ സല്‍മാനെതിരെ മൊഴി കൊടുക്കാന്‍ തയ്യാറാണെന്നും ദുലാനി അറിയിച്ചിട്ടുണ്ട്.
ഒളിവിലായിരുന്ന ഇയാളെ പോലീസിന് കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതിരുന്നത് കേസിനെ ദുര്‍ബ്ബലപ്പെടുത്തുകയും താരത്തെ കുറ്റവിമുക്തനാക്കുന്നതിനും ഇടയാക്കി
















