രാമേശ്വരം: മുന്‍ രാഷ്ട്രപതി ‘ഡോ. എ.പി.ജെ.അബ്ദുല്‍കലാം ദേശീയ സ്മാരക’ത്തിന് രാമേശ്വരത്ത് തറക്കല്ലിട്ടു. പേയ്ക്കറുമ്പില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്താണ് സ്മാരകം ഒരുക്കുന്നത്. തറക്കല്ലിടല്‍ ചടങ്ങില്‍ കേന്ദ്രമന്ത്രിമാരും കലാമിന്റെ സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധിപേര്‍ പങ്കെടുത്തു.
കലാമിന്റെ അന്ത്യവിശ്രമസ്ഥലത്തു ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) നിര്‍മിച്ച ഏഴടി ഉയരമുള്ള വെങ്കലപ്രതിമ കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കറും എം.വെങ്കയ്യ നായിഡും ചേര്‍ന്ന് അനാവരണം ചെയ്തു.
സ്മാരകത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ അഞ്ചടി ഉയരമുള്ള പീഠത്തിലാണു പ്രതിമ സ്ഥാപിച്ചത്. ഹൈദരാബാദിലെ ഡിആര്‍ഡിഒ കോംപ്ലക്സില്‍ സ്ഥാപിച്ച കലാം പ്രതിമയ്ക്കു സമാനമാണിത്.
പ്രതിമാ നിര്‍മ്മാണം അവസാനഘട്ടത്തിലിരിക്കെ ആണ് എതിര്‍പ്പുമായി ജമാത്തുള്‍ ഉലമാ കൗണ്‍സില്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാമേശ്വരത്ത് നടന്ന കൗണ്‍സിലിന്റെ ഉന്നതല യോഗത്തില്‍ സ്മാരകം സ്ഥാപിക്കുന്നതിനെ എതിര്‍ക്കാനും കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു.
ഡോ.കലാമിന്റെ ജന്മദിനാഘോഷത്തിനിടെ, സ്മാരക നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് പ്രതിമ നിര്‍മ്മാണം ആരംഭിച്ചത്.
















