ന്യൂദൽഹി: യുവതിയെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ആംആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ എംഎൽഎ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. വൈദ്യുതിപ്രശ്‌നം സംബന്ധിച്ച പരാതി പറയുന്നതിനായി എംഎൽഎയെ കാണാൻ പോയ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
നിരന്തരം വൈദ്യുതി തടസപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം സംസാരിക്കുന്നതിനാണ് യുവതി ജാമിയ നഗർ എംഎൽഎയുടെ വസതിയിലെത്തിയതെന്നും എന്നാൽ വിഷയം രാഷ്‌ട്രീയവൽക്കരിക്കാനാണ് യുവതിയുടെ ശ്രമമെന്നാരോപിച്ച് എംഎൽഎ യുവതിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്.
ജുലൈ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. എംഎൽഎ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ യുവതിയെ മറ്റൊരാൾക്ക് നിർദ്ദേശം നൽകി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.
ഇയാൾ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നും 35 കാരിയായ യുവതിയുടെ പരാതിയിലുണ്ട്. ഇതേ തുടർന്ന് സിആർപിസി 164-ാം വകുപ്പനുസരിച്ച് പോലീസ് യുവതിയുടെ പരാതി രജിസ്റ്റർ ചെയ്തു. ദൽഹി പോലീസ് കമ്മീഷണർക്കും ജൂലൈ 10ന് യുവതി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് എംഎൽഎയെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.
എന്നാൽ, കേസിനെ രാഷ്‌ട്രീയമായി ചിത്രീകരിച്ച് ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനാണ് ആപ് നേതാക്കൾ ശ്രമിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഒരു എംഎൽഎയെക്കൂടി അറസ്റ്റ് ചെയ്‌തെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രതികരണം.
അധികാരത്തിലെത്തി ചുരുങ്ങിയ നാൾക്കകം വിവിധ ക്രിമിനൽ കേസുകളിൽപ്പെട്ട് ഏഴോളം ആപ് എംഎൽഎമാർ അറസ്റ്റിലായിരുന്നു. എന്നാൽ ഇതെല്ലാം രാഷ്‌ട്രീയ പകപോക്കലാണെന്ന് പ്രസ്താവിച്ച് ഒളിച്ചോടാനാണ് ആപ് നേതാക്കളുടെ ശ്രമം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അടക്കം അഴിമതിക്കേസുകളിൽ പിടിയിലായിട്ടും വ്യക്തമായ മറുപടി നൽകാൻ കേജ്‌രിവാൾ തയ്യാറായിട്ടില്ല.
















