ലഖ്‌നൗ : ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതിക്കെതിരെ കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുന്നതായി ദയാശങ്കര്‍. ‘ബഹന്’ എതിരെ മോശം പരാമര്‍ശം നടത്തിയതില്‍ ക്ഷമിക്കണമെന്നും സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദയാശങ്കര്‍ അറിയിച്ചു. മോശം പരാമര്‍ശത്തിന്റെ പേരില്‍ ദയാശങ്കറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
മായാവതിയ്‌ക്കെതിരേ നടത്തിയ പരാമര്‍ശത്തിനു മാപ്പു ചോദിക്കുന്നെങ്കിലും പണം വാങ്ങിയാണ് മായാവതി സീറ്റ് നല്‍കുന്നതെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കും, അത് പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും ദയാശങ്കര്‍ അറിയിച്ചു.
മായാവതിക്കെതിരെ നടത്തിയ പാരമാര്‍ശവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടാന്‍ തയ്യാറാണ്. ബിഎസ്പിയെ പിന്തുണയ്‌ക്കുന്നവര്‍ തന്റെ നാക്ക് അരിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തന്റെ തലയ്‌ക്കും വില പറഞ്ഞിട്ടുണ്ട്. തന്റെ ഭാര്യയേയും മകളേയും അധിക്ഷേപിച്ച് സംസാരിച്ച നിസ്സാമുദ്ദീന്‍ സിദ്ദിഖിയോട് ക്ഷമിക്കുന്നതായും ദയാശങ്കര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് തനിക്കുവേണ്ടി പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയ അഖിലേഷ് യാദവ് സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നതായും ദയാശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
വിവാദ പ്രസ്താവനയില്‍ ദയാശങ്കര്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ബിഎസ്പി പ്രവര്‍ത്തകര്‍ ഇയാളുടെ വീട് ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദയാശങ്കറിന്റെ ഭാര്യ സ്വാതി, ബിഎസ്പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസില്‍ പാരാതിപ്പെട്ടിരുന്നു. സംസ്ഥാന ഗവര്‍ണ്ണര്‍ക്കും സ്വാതി പരാതി നല്‍കി. ബിഎസ്പി പ്രവര്‍ത്തകരുടെ പ്രകടനങ്ങളുടെയും അക്രമങ്ങളുടെയും വീഡിയോ ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
















