ന്യൂദല്‍ഹി: മുംബൈയിലെ വിവാദ ആദര്‍ശ് കെട്ടിട സമുച്ചയം പൊളിച്ച് മാറ്റേണ്ടെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിനോട് കെട്ടിടം ഏറ്റെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ മുംബൈ ഹൈക്കോടതി കെട്ടിടം പൊളിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍ മേലുളള അപ്പീലില്‍ വിധി വരുന്നത് വരെ കെട്ടിടം സംരക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കെട്ടിടം ആരും കൈയേറുകയോ കടന്നുകയറുകയോ ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനോട് നിര്‍ദ്ദേശിച്ചു.
ഔദ്യോഗിക നിര്‍ദ്ദേശമുണ്ടാകുംവരെ കെട്ടിടം ഇടിച്ച് പൊളിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയ്‌ക്ക് ഉറപ്പ് നല്‍കി. അടുത്തമാസം അഞ്ചിന് മുമ്പ് കെട്ടിടം ഏറ്റെടുക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. അതേസമയം, കെട്ടിടത്തിന്റെ ഭൂമി വിനിയോഗിക്കാനുളള അധികാരം ഹൗസിങ് സൊസൈറ്റിയ്‌ക്ക് നല്‍കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രില്‍ മുപ്പതിനാണ് കെട്ടിടം ഇടിച്ച് പൊളിക്കാന്‍ ബോംബൈ ഹൈക്കോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്. ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മൂന്ന് മാസത്തെ സമയവും അനുവദിച്ചിരുന്നു. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന സിവിലും ക്രിമിനലുമായ ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. പരിസ്ഥിതി, തീരസംരക്ഷണ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ആദര്‍ശ് ഫ്‌ളാറ്റ് നിര്‍മിച്ചതെന്നാണ് ആരോപണം.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബത്തിന് നല്‍കാന്‍ വേണ്ടിയുളള കെട്ടിട സമുച്ച നിര്‍മിതിയില്‍ രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും അനാവശ്യമായി ഇടപെട്ടു എന്നാരോപിച്ച് 2010ലാണ് ആദ്യമായി ആദര്‍ശ് സൊസൈറ്റിയ്‌ക്കെതിരെ പരാതി പുറത്ത് വരുന്നത്. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നാരായണ ചവാന് പുറത്ത് പോകേണ്ടി വന്നു. സ്വന്തം കുടുംബാംഗങ്ങള്‍ക്കും സൊസൈറ്റിയില്‍ ഫ്‌ളാറ്റുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് ചവാന് സ്ഥാനം പോയത്.
















