ഭോപ്പാൽ: ഭാരതത്തിന്റെ തെറ്റായ ഭൂപടം സ്കൂൾ ഡയറിയിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ സ്കൂൾ ഉടമസ്ഥനെയും പ്രധാന അധ്യാപകനെയും അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷഹ്‌ദോൾ ജില്ലയിലെ ബുദ്ധർ നഗരത്തിലെ ഗ്രീൻ ബെൽസ് പബ്ലിക് സ്കൂളിലാണ് ഭാരതത്തിന്റെ ഭൂപടം തെറ്റായ രീതിയിൽ ഡയറിയിൽ ഉൾപ്പെടുത്തിയത്.
സംഭവത്തിൽ സ്കൂൾ ഉടമ മുഹമ്മദ് ഷരീഫ്, പ്രധാന അധ്യാപകൻ ഗോവിന്ദ്ചന്ദ്ര ദാസ്, ഡയറി അച്ചടിച്ച പ്രസ്സിന്റെ ഉടമ എകെ അഗർവാൾ എന്നിവരാണ് പോലീസ് പിടിയിലായത്. ജമ്മു കശ്മീരിന്റെ സുപ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തതെയാണ് ഭൂപടം ഡയറിയിൽ അച്ചടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഭാരതീയ ജനത യുവ മോർച്ച പ്രവർത്തകൻ പോലീസിനെ സമീപിക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ ഡയറിയിലെ തെറ്റ് കണ്ടു പിടിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അച്ചടിച്ചതിൽ പിശക് സംഭവിച്ചെന്നാണ് പ്രതികൾ പറയുന്നത്. ഇവരെ നഗരത്തിലെ ജയിൽ പാർപ്പിച്ചിരിക്കുകയാണ്.
















