ആലപ്പുഴ: വല്ലഭന് പുല്ലും ആയുധമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ഈ പഴഞ്ചൊല്ല് അക്ഷരം പ്രതി പകര്‍ത്തുകയാണ് നമ്മുടെ കേരളാ പോലീസ്. ക്രിമിനല്‍ പ്രതികളെ ജയിലില്‍ നിന്ന് കോടതിയിലേക്കും തിരികെ ജയിലിലേക്കും കൊണ്ടുപോകാനായി ഉപയോഗിക്കുന്ന പോലീസ് സേനയുടെ ഈ വാഹനത്തിന് ശരിയായ കൊളുത്തും സുരക്ഷയുമില്ലാത്ത അവസ്ഥയാണ്. കയറും മരക്കൊമ്പും ഉപയോഗിച്ച് കെട്ടിയാണ് സേനയുടെ വാഹനത്തിന്റെ കൊളുത്ത്.
രാവിലെ മുതല്‍ വൈകിട്ടുവരെ വളവിലും തിരിവിലും നിന്ന് വാഹനങ്ങള്‍ തടഞ്ഞ് കുറവുകള്‍ ചൂണ്ടിക്കാട്ടി പിഴചുമത്തുന്ന ഏമാന്മാരുടെ വാഹനത്തിന് ആരു പിഴ ചുമത്താന്‍. പിഴ ചുമത്തിക്കിട്ടുന്ന തുകയില്‍ നിന്ന് ഒരു നൂറുരൂപ മുടക്കി ഇവര്‍ക്കൊരു താഴും താക്കോലും വാങ്ങാനുള്ള പണം കിട്ടുന്നില്ലേ?
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് കയറിയവര്‍ക്ക് ഒരു താഴും താക്കോലും വാങ്ങാന്‍ കഴിയുന്നില്ലെന്നു പറയുമ്പോള്‍ കഷ്ടംതന്നെ മുതലാളി കഷ്ടംതന്നെയെന്ന് ഒരു സിനിമാ നടന്റെ വാചകമാണ് ഓര്‍മ്മ വരുന്നത്.
കയറും മരക്കൊമ്പ് ഒടിച്ചുകയറ്റിയുള്ള പൂട്ടുമായി നിയമപാലകരുടെ രഥം രാജവീഥിയിലൂടെ കടന്നുവരുന്നത് ആഭ്യന്തര വകുപ്പിന് ഭൂഷണമായിരിക്കാം. പക്ഷേ നികുതി ദായകരായ ജനത്തിന് അങ്ങനെയല്ലെന്ന് ഓര്‍ക്കണം. ഇതൊക്കെ കാണുമ്പോള്‍ പാവം ജനത്തിന് ചിരിക്കാനും സഹതപിക്കാനും ഓരോ കാരണങ്ങളുണ്ടാകുന്നുണ്ടല്ലോയെന്നതാണ് ആകെയൊരു ആശ്വാസം.
















