മുഹമ്മ: അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുനല്‍കിയ അദ്ധ്യാപകരെ ആരതി ഉഴിഞ്ഞും പാദങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചും കുരുന്നുകള്‍ ഗുരുപൂജാദിനം സാര്‍ത്ഥകമാക്കി. ശ്രീപൂഞ്ഞിലിക്കാവില്‍ കാവുങ്കല്‍ ദേവീ വിദ്യാനികേതന്‍ സ്‌കൂളിലാണ് വ്യാസപൂര്‍ണ്ണിമ ദിനമായ ഇന്നലെ ഗുരുപൂജ ദിനാചരണം നടത്തിയത്.
ആര്‍ഷ ഭാരത സംസ്‌കൃതിയുടെ മൂല്യങ്ങള്‍ വരും തലമുറയ്‌ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വ്യക്തിത്വവും അറിവും വികസിക്കുന്നതോടൊപ്പം മാതാ-പിതാ-ഗുരു-ദൈവം എന്ന ഭാരതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കുട്ടികളില്‍ വളര്‍ന്നുവരേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ദേശീയ പൈതൃകത്തിനും സംസ്‌കൃതിയ്‌ക്കും ഇടക്കാലത്ത് അപജയം സംഭവിച്ചു എന്ന തിരിച്ചറിവാണ് ഇത്തരമൊരു പരിപാടിയ്‌ക്ക് മുന്‍കൈയെടുക്കാന്‍ സ്‌കൂളിനെ പ്രേരിപ്പിച്ചത്.
ഏഴ് പതിറ്റാണ്ടോളം കുരുന്നുകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന 93 വയസ്സുള്ള ആശാട്ടി, കാവുങ്കല്‍ ഇന്ദ്രപ്രസ്ഥം വീട്ടില്‍ പി. പങ്കജാക്ഷിയമ്മ, കെ. തങ്കപ്പന്‍,എന്‍. സാവിത്രി, ബുഷ്‌റമോള്‍, വി.എഫ്. കൊച്ചുത്രേസ്യാ, ആര്‍. ലാവണ്യ, ജി. പ്രവദ, രമാപുരുഷന്‍, റെജിമോള്‍, ജെസി തുടങ്ങി അങ്കണവാടി അദ്ധ്യാപകര്‍ ഉള്‍പ്പെയേയുള്ളവരെയാണ് കുട്ടികള്‍ പാദപൂജ ചെയ്തത്.
ചടങ്ങില്‍ കാവുങ്കല്‍ ദേവസ്വം പ്രസിഡന്റ് സി പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പള്‍ മനോഹരന്‍ നന്ദികാട് ഗുരുപൂജ സന്ദേശം നല്‍കി. മാനേജര്‍ ജി ഉണ്ണികൃഷ്ണന്‍, സെക്രട്ടറി കെ പി ബിജു, വൈസ്:പ്രിന്‍സിപ്പള്‍ എ കെ ആശാറാണി,പി ടി എ പ്രസിഡന്റ് വി മധു,മാതൃസമതി പ്രസിഡന്റ് സിന്ധുശശി എന്നിവര്‍ സംസാരിച്ചു.
















