പന്തീരാങ്കാവ്: മാരകരോഗങ്ങള്‍ പിടിപെട്ട് ദുരിതത്തിലായ കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. ഒളവണ്ണ മൂര്‍ക്കനാട് മൂശാരിക്കണ്ടി മേത്തല്‍ സദാനന്ദന്റെ (71) കുടുംബമാണ് മാറാരോഗങ്ങള്‍ കൊണ്ട് ദുരിതത്തിലായിരിക്കുന്നത്. സദാനന്ദന്റെ രണ്ട് വൃക്കകകളും തകരാറിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയിലുള്ള ഇദ്ദേഹത്തിന് ഡയാലിലിസ് നടത്തേണ്ടിവരുമന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഭാര്യ വസന്തയാകട്ടെ പാര്ക്കിന്സണ് രോഗം ബാധിച്ച് പത്ത് വര്‍ഷത്തിലേറെയായി അവശയാണ്. മരുന്നുവാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന ഇവരുടെ ശ്രീജ, ഷൈനി, സന്ധ്യ എന്നീ മൂന്ന് പെണ്മക്കളില് രണ്ടുപേര്‍ അസുഖബാധിതരാണ്. ശ്രീജ, ഷൈനി എന്നിവരാണ് രോഗബാധിതരായിരിക്കുന്നത്. ഷൈനിക്ക് കാഴ്ചകുറവും കേള്വികുറവുമുണ്ട്. ശ്രീജ അംഗവൈകല്യം മൂലം ബുദ്ധിമുട്ടുന്നു. സന്ധ്യ വിവാഹിതയാണ്. ഭക്ഷണം കഴിക്കാന്‍ പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് ഇവര്‍. വിശപ്പ് സഹിക്കാതാവുമ്പോള്‍ ശ്രീജ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു. ഷൈനി വിവാഹിതയാണെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ചനിലയിലാണ്. ഇവര്‍ക്ക് പതിനെട്ട് വയസ്സുള്ള മകളുണ്ട്. നാട്ടുകാരുടെ സഹായത്തിലാണ് ഇതുവരെ ഈ പെണ്‍കുട്ടി പഠിച്ചിരുന്നത്. ഇവരും സദാനന്ദനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. അഞ്ച് പേരടങ്ങുന്ന ഈ കുടുംബത്തിന്റെ ഭക്ഷണവും മരുന്നുമെല്ലാമായി മാസത്തില്‍ വലിയ തുക ചെലവുവരും. നല്ലവരായ നാട്ടുകാരുടെ സഹായത്തിലാണ് ഇതുവരെ ഇവര്‍ ജീവിതം തള്ളിനീക്കിയത്. മരപ്പണിക്ക് പോയിരുന്ന സദാനന്ദന് തളര്‍ന്ന് കിടപ്പിലായതോടെയാണ് കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയത്. രോഗവും ദാരിദ്ര്യവും കൊണ്ട് ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ സന്മനസുള്ളവര് മുന്നോട്ടുവരുമെന്ന പ്രതീക്ഷിയിലാണ് നാട്ടുകാര്‍. ഇതിനായി പന്തിരാങ്കാവ് കനറാബാങ്കില്‍ 073310100510 എന്ന എക്കൗണ്ടില്‍ ബാങ്ക് എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: