വടകര: നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ അനധികൃതമായിവലിയ കുഴിയെടുത്തതായി പരിശോധനയില്‍ കണ്ടെത്തി. മെയിന്‍ റോഡിലെ ബ്യൂസ്റ്റാര്‍ ലോഡ്ജ് കെട്ടിടത്തിന്റെ നടുവിലായാണ് കുഴിയെടുത്തിരിക്കുന്നത്. ഇത് അനധികൃതവും അപകടകരവുമാണന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇതേ കെട്ടിടത്തില്‍ നിന്നും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ ഓടയിലേക്ക് തള്ളുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭനോട്ടീസ് അയച്ചിരുന്നു. ഇതിനിടയിലാണ് ഭീമന് കുഴി പരിശോധനയില്‍ കണ്ടെത്തിയത്.
സ്വന്തമായ മാലിന്യകുഴിനിര്മ്മാണത്തിനാണ് കുഴിയെടുത്തതെന്ന് ലോഡ്ജുകാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഈ കെട്ടിടത്തിനു സമീപമുള്ള മറ്റുകെട്ടിടങ്ങള്‍ക്കും ഭീഷണിയാകത്തക്കവിധമുള്ള കുഴിയാണ് ഇതെന്ന് മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു. ഇത്തരം കെട്ടിടങ്ങള്‍ക്ക് നടുവില്‍ കുഴികളോ മറ്റോ നിര്‍മ്മിക്കണമെങ്കില്‍ നഗരസഭയുടെ അനുമതിവേണം. എന്നാല്‍ ചട്ടംപാലിക്കപ്പെടാതെയാണ് ഏഴ് അടിയോളംതാഴ്ചയുള്ള കുഴി എടുത്തിട്ടുള്ളതെന്നും മുന്‍സിപ്പല്‍ അധികൃതര്‍ ചൂണ്ടിക്കാണിച്ചു. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: