തലശ്ശേരി: നാലുവര്‍ഷം മുമ്പ് മൃതദേഹം സംസ്‌കരിച്ച ന്യൂമാഹി മമ്മിമുക്കിലെ ജുമാമസ്ജിദ് കബറിനടിയില്‍ നിന്നും അഴുകാത്ത കാല്‍പ്പാദങ്ങള്‍ പുറത്ത് പ്രത്യക്ഷപ്പെട്ടത് ദുരുഹത പരത്തി. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് കബറിടത്തിലെ മണ്ണ് നീക്കിയതായി പരിസരവാസികള്‍ കണ്ടത്. തുടര്‍ന്ന് പള്ളിക്കമ്മറ്റി ഭാരവാഹികളും പോലീസും എത്തി പരിശോധന നടത്തിയ ശേഷമാണ് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. സബ് കലക്ടര്‍ ഉള്‍പ്പെടെ റവന്യൂ ഉദ്യോഗസ്ഥരുടെയും ഫോറന്‍സിക് വിദഗ്ധരുടെയും സാന്നിധ്യത്തില്‍ ഇന്ന് വിശദമായ പരിശോധനയും ആവശ്യമെങ്കില്‍ ജഡം പുറത്തെടുത്ത് സ്ഥലത്തുവെച്ചു തന്നെ പോസ്റ്റുമോര്‍ട്ടവും നടത്താനാണ് ന്യൂമാഹി പോലീസിന്റെ തീരുമാനം. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ സ്ഥലത്തു നിന്നും കാണാതായ ഒരാളുടെ മൃതദേഹമാണ് കബറിലുള്ളതെന്ന കിംവദന്തിയും പരന്നിട്ടുണ്ട്. കാണാതായെന്ന് പരാതിയുള്ള ആള്‍ ഖബര്‍സ്ഥാന്‍ പരിസരത്തേക്ക് നടന്നുപോകുന്നത് സമീപത്തെ വീട്ടിലുള്ള സിസിടിവിയിലുണ്ട്. എന്നാല്‍ ഇയാള്‍ തിരികെ പോകുന്നതായി കാണാനില്ല. മണ്ണ് നീങ്ങിയ നിലയിലുള്ള ഖബര്‍സ്ഥാനിനടുത്ത് ഒരു ഷര്‍ട്ടും മൊബൈല്‍ ഫോണും മണ്‍വെട്ടിയും കണ്ടെത്തിയിട്ടുണ്ട്.
















