തൃശൂര്‍: ഓട്ടോറിക്ഷയില്‍ മറുന്നുവെച്ച മുപ്പത് പവന്റെ ആഭരണങ്ങളും വിവാഹ വസ്ത്രവും ഉടമക്ക് മടക്കി നല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി. പട്ടിക്കാട് തെക്കുംപാടം എടയത്ത് വളപ്പില്‍ സുകുവാണ് ഇവ തിരിച്ചേല്‍പ്പിച്ചത്. മുംബൈയില്‍ താമസമുള്ള ഹരികൃഷ്ണന്റെ മകളുടെ വിവാഹത്തിനുള്ള ആഭരണവും വസ്ത്രവുമാണ് മറന്നുവെച്ചത്. പൂത്തോളിലെ അമ്മാവന്റെ വീട്ടില്‍ പൂജക്കെത്തിയ ഇവര്‍ പൂങ്കുന്നം സീതാരാമസ്വാമിക്ഷേത്രത്തിന് മുന്നില്‍ വെച്ചാണ് ഓട്ടോയില്‍ കയറിയത്. ഇവരെ ഇറക്കിവിട്ടശേഷമാണ് ഡ്രൈവര്‍ ബാഗ് കാണുന്നത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. വിലാസം ബാഗില്‍ ഉണ്ടായിരുന്നു. ഈസ്റ്റ് എസ്‌ഐ ലാല്‍കുമാറിന്റെ സാന്നിദ്ധ്യത്തില്‍ ഉടമക്ക് സുകു ആഭരണങ്ങള്‍ നല്‍കി.
















