നിസ്സാരവത്ക്കരിച്ച് പോലീസ്
മാവേലിക്കര: ബൈക്കിലെത്തിയ രണ്ടംഗ സംഘം അദ്ധ്യാപികയെ ഇടിച്ചു വീഴ്‌ത്തി മര്‍ദ്ദിച്ച് രണ്ടര പവന്റെ സ്വര്‍ണ്ണ മാല കവര്‍ന്നു. കാട്ടുവള്ളി-അഞ്ചുമുറിക്കട റോഡില്‍ വ്യാഴാഴ്ച രാത്രി എഴിനായിരുന്നു സംഭവം. വര്‍ക്കലയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അദ്ധ്യാപിക ചെട്ടികുളങ്ങര ചിറ്റയ്‌ക്കാട്ടില്ലം സുവര്‍ണ്ണിനിയുടെ മാലയാണ് കവര്‍ന്നത്.
സ്‌കൂളില്‍ നിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു അദ്ധ്യാപിക. പിന്നാലെ ബൈക്കിലെത്തിയ സംഘം കാട്ടുവള്ളി ക്ഷേത്രത്തിനു സമീപം സ്‌കൂട്ടര്‍ ഇടിച്ചിട്ട ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമി സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. കാലിനും കഴുത്തിനും പരിക്കേറ്റ ഇവരെ നാട്ടുകാരാണ് തട്ടാരമ്പലത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവം ഉടന്‍ തന്നെ അറിയിച്ചിട്ടും പോലീസ് എത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. 1090ല്‍ വിളിച്ചതിനുശേഷമാണ് പോലീസ് എത്തിയത്. പരിക്കേറ്റ സുവര്‍ണ്ണിനിയുടെ മൊഴി ആശുപത്രിയിലെത്തി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. കേസെടുക്കണമെങ്കില്‍ സ്റ്റേഷനിലെത്തി പരാതി നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
















