ആലപ്പുഴ: ജില്ലാതല വാരാചരണ കമ്മിറ്റിയുടെയും ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തിലുള്ള വായനവാരാചരണ പരിപാടിയുടെ ഭാഗമായി പി.എന്‍. പണിക്കരുടെ നീലംപേരൂരിലെ വീട്ടിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ നീലംപേരൂരിലേക്ക് എസ്ഡി കോളജിലെ മലയാളം വിഭാഗം മേധാവി നെടുമുടി ഹരികുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിസംഘം യാത്ര നടത്തും.
തുടര്‍ന്ന് നീലംപേരൂരിലെ വീട്ടില്‍ ജില്ലാ സാക്ഷരതമിഷന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിക്കും. ഒത്തുചേരലും വായനാനുഭവം പങ്കുവെയ്‌ക്കലും നടക്കും. പുസ്തക പാരായണം, പുസ്തക താലപ്പൊലി, അനുഭവച്ചെപ്പു തുറക്കല്‍ തുടങ്ങിയ പരിപാടി നടക്കും. ശുചിത്വവും ബോധനവും എന്ന വിഷയത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രചാരണപരിപാടിയും ബോധവല്‍ക്കരണവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
പി.എന്‍. പണിക്കര്‍ ആരംഭിച്ച ലൈബ്രറി സന്ദര്‍ശിക്കും. ആരോഗ്യവകുപ്പ് മഴക്കാല ശുചീകരണം സംബന്ധിച്ച് പ്രശ്‌നോത്തരി സംഘടിപ്പിക്കും. നീലംപേരൂര്‍ പഞ്ചായത്തും എസ്.ഡി. കോളജ് മലയാളം വിഭാഗവും പരിപാടിക്കായി കൈകോര്‍ക്കും.
















