തുറവൂര്‍: പുതിയകാവ് മേഖലയിലെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പട്രോളിങ് ശക്തമാക്കാന്‍ ജില്ല പോലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പട്ടണക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേഖലയില്‍ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടത്തെക്കുറിച്ച് പരാതികളും വാര്‍ത്തകളും വന്നതിനെത്തുടര്‍ന്നാണ് പരിശോധനകള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പ്രദേശത്തു നിന്ന് ഗുണ്ടാ-ക്വട്ടേഷന്‍ സംഘങ്ങളില്‍പ്പെട്ട പലരേയും പോലീസ് പിടികൂടിയതായാണ് വിവരം. വയലാര്‍ കവല മുതല്‍ തങ്കിക്കവല വരെയുള്ള ദേശീയപാതയിലും പരിസരത്തുമാണ് സംഘങ്ങള്‍ സൈ്വര്യ വിഹാരം നടത്തിയിരുന്നതായി പരാതി ഉയര്‍ന്നിരുന്നത്. ക്രിമിനല്‍ കേസുകളിലുള്‍പ്പടെ പ്രതികളായ പലരുടേയും നേതൃത്വത്തിലുള്ള സംഘങ്ങളാണ് രാപകലില്ലാതെ ഇവിടെ വിളയാടിയിരുന്നത്. കെട്ടിട നിര്‍മ്മാണമുള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ ഇക്കൂട്ടര്‍ നോക്കു കൂലിയും ഗുണ്ടാ പിരിവും ആവശ്യപ്പെട്ട് തടസപ്പെടുത്തുന്നത് പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏതാനും പേരെ പോലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. പട്രോളിംഗ് ശക്തമായതോടെ പ്രദേശത്ത് സമാധാനാന്തരീക്ഷം കൈവരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
















