Categories: Ernakulam

എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ ജില്ലയ്‌ക്ക് മികച്ച നേട്ടം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: സംസ്ഥാനത്തെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ ജില്ലയ്‌ക്ക് മികച്ച നേട്ടം. ആദ്യ പത്ത് റാങ്കുകളില്‍ മൂന്നും എസ്ടി വിഭാഗത്തില്‍ രണ്ടാം റാങ്കും ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ നേടി. ഒന്നാം റാങ്ക് നേടിയ വി.രാം ഗണേഷും ഏഴാം റാങ്ക് നേടിയ ജോര്‍ഡി ജോസും ഒന്‍പതാം റാങ്ക് നേടിയ റിതേഷ് കുമാറും എസ്ടി വിഭാഗത്തില്‍ രണ്ടാം റാങ്ക് നേടിയ എസ്.നമിതയുമാണ് ജില്ലക്ക് അഭിമാനമായത്.

ഒന്നാം റാങ്ക് നേടിയ രാം ഗണേഷ് തൃപ്പൂണിത്തുറ കെമിക്കല്‍ എന്‍ജിനിയറായ ആര്‍.വെങ്കിടേഷിന്റെയും ബിഎസ്എന്‍എല്‍ ജീവനക്കാരി ആര്‍.റോജയുടെയും മകനാണ്. പ്രവേശനപരീക്ഷയില്‍ 945/960 മാര്‍ക്ക് വാങ്ങിയാണ് രാം ഗണേഷ് ഒന്നാം റാങ്കിന് അര്‍ഹനായത്.

വാഴക്കുളം ആലക്കാട്ട് ഹൗസില്‍ ജിയോ ജോസിന്റെയും ഡീനയുടെയും ഏക മകനാണ് ഏഴാം റാങ്ക് നേടിയ ജോര്‍ഡി ജോസ്. ജിയോ ജോസ് അധ്യാപകനും ഡീന കൃഷി ഓഫീസറുമാണ്. മാന്നാനം കെഇ സ്‌കൂളിലയിരുന്നു ജോര്‍ഡിയുടെ പ്ലസ്ടു പഠനം. പ്ലസ് ടുവിന് 99 ശതമാനം മാര്‍ക്ക് വാങ്ങിയ ജോര്‍ഡിക്ക് 895/960 മാര്‍ക്കാണ് പ്രവേശനപരീക്ഷയ്‌ക്ക് ലഭിച്ചത്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നു.

സംസ്ഥാന എന്‍ജിനിയറിങ് പരീക്ഷയില്‍ ഒന്‍പതാം റാങ്ക് നേടിയ റിതേഷ് കുമാര്‍ മലയാളിയല്ല. കൊച്ചി നേവല്‍ ബേസിലെ ഉദ്യോഗസ്ഥനായ അച്ഛന്‍ രാകേഷ് കുമാറിന്റെ ജോലി സംബന്ധമായാണ് റിതേഷ് നേവല്‍ ബേസ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാകുന്നത്.

അമ്മ രാജ്ബാല വീട്ടമ്മയാണ്. പ്രവേശന പരീക്ഷയില്‍ 898/960 മാര്‍ക്ക് വാങ്ങിയ റിതേഷിന് പ്ലസ്ടുവിന് 96.8 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. എസ്ടി വിഭാഗത്തില്‍ രണ്ടാം റാങ്ക് ലഭിച്ച എസ്.നമിത എറണാകുളം പൂണിത്തുറ സ്വദേശിയാണ്. ആദ്യ 1000 റാങ്കുകാരില്‍ 185 പേര്‍ ഉള്‍പ്പടെ ജില്ലയില്‍നിന്ന് ആകെ 6,971 പേര്‍ എഞ്ചിനീയറിങ് പ്രവേശനത്തിന് അര്‍ഹരായിട്ടുണ്ട്.

Recent Posts