മെല്‍ബണ്‍: വിഖ്യാത ആസ്‌ട്രേലിയന്‍ ചലച്ചിത്രസംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു. 76 വയസ്സായിരുന്നു. ആസ്‌ട്രേലിയയിലെ സ്വതന്ത്ര ചലച്ചിത്രങ്ങളുടെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
1940ല്‍ നെതര്‍ലെന്‍സില്‍ ജനിച്ച പോള്‍ ഫോട്ടോഗ്രാഫി പഠനത്തിനായാണ് ആസ്‌ത്രേലിയയില്‍ എത്തിയത്. ഡച്ച് സ്വദേശിയായ അദ്ദേഹത്തിന്റെ പൂര്‍ണനാമം പോള്‌സ് ഹെന്റിക്കസ് ബെനഡിക്ടസ് പോള്‍സ് എന്നാണ്. മാന്‍ ഓഫ് ഫഌവേഴ്‌സ്, മൈ ഫസ്റ്റ് വൈഫ്, എ വുമണ്‍സ് ടെയ്ല്‍, ഇന്നസെന്‍സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
സംവിധാനത്തിന് പുറമേ പോള്‍ കോക്‌സ് ഏഴോളം ചിത്രങ്ങളില്‍ അഭിനയിക്കുകയും ഇരുപതോളം ചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്. 18 ചലച്ചിത്രങ്ങളും ഏഴ് ഡോക്യുമെന്ററികളും പതിനൊന്ന് ഹ്രസ്വചിത്രങ്ങളുമാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട. ആസ്‌ട്രേലിയന്‍ ഡയറക്ടേഴ്‌സ് ഗില്‍ഡ് ആണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്.
















