മാരാരിക്കുളം: കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പിന്തുടര്‍ന്നെത്തിയ പോലീസ് മല്‍പിടുത്തത്തിലൂടെ പിടികൂടി. പിടിവലിക്കിടെ എസ് ഐ ശ്രീകാന്ത് മിശ്രയ്‌ക്ക് കൈക്ക് പരിക്കേറ്റു. അക്രമിയെ ജാമ്യത്തില്‍ വിട്ടയച്ചത് വിവാദമാകുന്നു.
കഞ്ഞിക്കുഴി ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തിയ മാരാരിക്കുളം പോലീസാണ് ഹെല്‍മറ്റ് ഇല്ലാതെ വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവിനെ പോലീസ് കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ യുവാവ് ബൈക്ക് നിര്‍ത്താന്‍ തയ്യാറായില്ല. പിന്നാലെയെത്തിയ പോലീസ് സമീപത്തെ ഷാപ്പിനടുത്ത് ബൈക്ക് പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു. വണ്ടി നമ്പര്‍ കുറിച്ചെടുത്ത പോലീസ് ബൈക്കിന്റെ ഉടമയെ അന്വേഷിച്ചു. സ്ഥലത്തെ സിപിഎം പ്രാദേശിക നേതാവായ ബിനുമോന്റെ ബൈക്കാണ് ഇതെന്ന് കണ്ടെത്തി. എന്നാല്‍ ഓടിച്ചത് താനല്ലെന്ന് ബിനുമോന്‍ അവകാശപ്പെട്ടു. സംശയം തോന്നിയ പോലീസ് ബിനുവിനെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഈയാള്‍ അക്രമിച്ചു. ഇതെത്തുടര്‍ന്ന് എസ്‌ഐയ്‌ക്ക് കൈക്ക് പരിക്കേറ്റു.
എസ്‌ഐ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടി. സ്റ്റേഷനില്‍ കൊണ്ടുവന്ന് കേസ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. എസ്‌ഐയെ അക്രമിച്ച പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചത് ഉന്നത നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
















