പയ്യന്നൂര്‍: പയ്യന്നൂരിലെ സംഗീതാസ്വദകര്‍ക്ക് കദ്രി ഗോപാല്‍നാഥ് ഒരതിഥി അല്ല. സംഗീത വഴികളില്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ആ സംഗീതധാര അവര്‍ക്കു കൂടെയുണ്ട്. സാക് സഫോണ്‍ എന്ന ഒരു സാധാരണ പാശ്ചാത്യ സംഗീത ഉപകരണത്തെ തന്റെ സാധനയിലൂടെ ശങ്കരാഭരണവും കല്യാണിയും മോഹനവും ശ്രുതിയായും നാദമായും മാറ്റിയപ്പോള്‍ ഒരു വേള കലാകാരനും കലയും ഒന്നായി മാറി. ഒരു പക്ഷെ ക്ലാരനെറ്റില്‍ നിന്നും സാക്‌സഫോണ്‍ എന്ന സംഗീത ഉപകരണം രു പകല്‍പന ചെയ്ത അഡോള്‍ഫോക്‌സ് എന്ന ബല്‍ജിയം കാരന്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല തന്റെ കണ്ടുപിടുത്തം ഒരു നാടിന്റെ സംഗീതചരിത്രം തന്നെ മാറ്റി മറിക്കുമെന്ന്. മംഗലാപുരത്തിനടുത്ത കദ്രി എന്ന ഗ്രാമത്തെ ലോകപ്രശസ്തമാക്കിയ ഡോ. കദ്രി ഗോപാല്‍നാഥ് സംഗീതത്തിന്റെ പരമാവധി ഉച്ചാവസ്ഥയെയും മറികടന്ന് സ്വന്തമായ ഒരു സംഗീത ശബ്ദം തന്നെ ഉദ്ദീപിപ്പിക്കുന്നു. പതിമൂന്നാമത് തുരീയം സംഗീതവേദിയില്‍ ഗൗള രാഗത്തില്‍ പ്രണമാമ്യഹം എന്ന കീര്‍ത്തനം വായിച്ച കച്ചേരി ആരംഭിച്ച കദ്രി തുടര്‍ന്ന് ചാരുകേശിയില്‍ കൃപയാപാലയ, ഹംസാ നന്ദിയില്‍ പാവനഗുരു, നളിനകാന്തിയില്‍ പ്രണവായ, കാംബോജിയില്‍ കുഴലൂതികളിയാടി. രേവതിയില്‍ ജനനീജന തുടങ്ങിയ ജനപ്രിയ കീര്‍ത്തനങ്ങള്‍ വായിച്ച് സദസ്സിന് അവിസ്മരണീയസായാഹ്നം സമ്മാനിച്ചു.
പദ്മശ്രീ എ.കന്യാകുമാരി (വയലിന്‍) ട്രിപ്പഌക്കന്‍ ശേഖര്‍ (തവില്‍) വിദ്വാന്‍ രാജേന്ദ്രനാക്കോട് (തബല) ബാംഗ്ലൂര്‍ രാജശേഖരന്‍ (മുഖര്‍ ശംഖ്) എന്നിവര്‍ പക്കമേളത്തില്‍ മഹേന്ദ്രജാലം കാട്ടി.
പന്ത്രണ്ടാം ദിനമായ ഇന്ന് ഹിന്ദുസ്ഥാനി സംഗീത വിസ്മയമായ നേഹ ദേശ്പാണ്ഡേ അരങ്ങിലെത്തും.പ്രകാശ് ഉള്ള്യേരി ഹാര്‍മോണിയത്തിലും മഹേശ് മണി തബലയിലും മേളക്കൊഴുപ്പേകും.
















