മുങ്ങി മരിച്ച പെരുമ്പളം പടിഞ്ഞാറേ കൈയ്‌ക്കാട്ട് രാജേഷ് സരിത ദമ്പതികളുടെ മക്കളായ സൂര്യന്‍, സൂരജ്് എന്നിവരുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍
പെരുമ്പളം: കൈയ്‌ക്കാട്ട് വീട്ടിലെ കളിചിരി മാഞ്ഞു. മാതാപിതാക്കളെ തനിച്ചാക്കി അന്ത്യയാത്രയിലും ഒന്നിച്ച പിഞ്ചുസഹോദരങ്ങള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പെരുമ്പളം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പടിഞ്ഞാറേ കൈയ്‌ക്കാട്ട് രാജേഷ് സരിത ദമ്പതികളുടെ മക്കളായ സൂര്യന്‍ (6), സൂരജ്(4) എന്നിവര്‍ക്കാണ് ഗ്രാമം തേങ്ങലോടെ വിടനല്‍കിയത്.
സ്‌കൂളില്‍ നിന്ന് മടങ്ങി എത്തിയശേഷം വീടിന് സമീപം കളിക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടാണ് ഇവരെ കാണാതായത്. ഈസമയം മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലായിരുന്നു. അടുത്തുള്ള കുളക്കടവില്‍ കുട്ടികളുടെ ചെരിപ്പും കളിച്ചുകൊണ്ടിരുന്ന വടിയും കണ്ടതോടെ നാട്ടുകാരുടെ സഹായത്തോടെ കുളത്തില്‍ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. പെരുമ്പളം പ്രാഥമിക ആരോഗ്യ കേന്ദത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാവിലെ വീട്ടിലെത്തിച്ചതോടെ കൂട്ടനിലവിളി ഉയര്‍ന്നു. പൊന്നോമനകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ മാതാപിതാക്കളും ബന്ധുക്കളില്‍ ചിലരും മോഹാലസ്യപ്പെട്ടു വീണു. ഇവര്‍ക്ക് പരിചരണമേകാന്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായം ഇവിടെ ലഭ്യമാക്കി. ഇരുവരും പഠിച്ചിരുന്ന പെരുമ്പളം വടക്ക് ഗവ. എല്‍.പി സ്‌കൂളിലെ കുട്ടികളും അധ്യാപകരും നാട്ടുകാരും കണ്ണീരോടെയാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കനെത്തിയത്.
സൂര്യന്‍ ഒന്നാം ക്ലാസിലും സൂരജ് എല്‍.കെ.ജിയിലുമാണ് പഠിച്ചിരുന്നത്. പൊട്ടികരഞ്ഞു കൊണ്ടാണ് സഹപാഠികളും ബന്ധുക്കളും ഇവര്‍ക്ക് അന്തിമോപചാരമേകിയത്. ഉച്ചയ്‌ക്ക് രണ്ടോടെ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ജനപ്രതിനിധികളടക്കമുള്ളവര്‍ സംബന്ധിച്ചു.
















