തലവടി: അമൃതം മലയാളം വായനാ പദ്ധതിയ്‌ക്ക് ആലപ്പുഴയില്‍ തുടക്കമായി. തലവടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാ കാര്യകാരി അംഗം ബിജു തലവടി പ്രധാന അദ്ധ്യാപിക പി.ആര്‍. സുജയ്‌ക്ക് ജന്മഭൂമി നല്‍കി ഉത്ഘാടനം ചെയ്തു. വായന വളരണമെന്നും ഇത് അറിവുകളുടെ ലോകത്ത് നമ്മെ എത്തിക്കുവാന്‍ സഹായിക്കുമെന്നും ദൃശ്യ മാധ്യമങ്ങള്‍ നമ്മളില്‍ ചെലുത്തുന്ന സ്വധീനത്തേക്കാള്‍ അധികമാണ് പത്രവായനയിലൂടെ സമൂഹത്തിന് ലഭിക്കുന്നതെന്നും ആശംസാ പ്രസംഗത്തില്‍ സുജ പറഞ്ഞു. മറ്റ് പത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ദൗത്യമാണ് ജന്മഭൂമി നിര്‍വഹിക്കുന്നതെന്നും ഇതിലൂടെ നടക്കുന്ന പരിവര്‍ത്തനമാണ് ഇന്ന് രാജ്യത്തിന്റെ പുരോഗതിയിലേയ്‌ക്ക് വരെ എത്തപ്പെട്ടിട്ടുള്ളതെന്നും ഉത്ഘാടന പ്രസംഗത്തില്‍ ബിജു തലവടി പറഞ്ഞു. ചക്കുളത്തുകാവ് ക്ഷേത്രം ട്രസ്റ്റ് ആണ് പത്രം സ്‌കൂളിന് സ്‌പോണ്‍സര്‍ ചെയ്തത്. ചടങ്ങില്‍ തലവടി ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത്ത് കുമാര്‍ പിഷാരത്ത്, ബിനു സുരേഷ് എന്നിവര്‍ പങ്കെടുത്തു.
















