ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവ് അബുബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായാണ് വിവരം.
ഐഎസിന് ശക്തമായ സാന്നിധ്യമുള്ള സിറിയയിലെ റഖ്വ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. അറബിക് ന്യൂസ് ഏജന്‍സിയായ അല്‍ അമാഖാണ് അബൂബക്കറിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൊസൂളില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റതായി ഇറാഖ് ടെലിവിഷന്‍ ചാനല്‍ അല്‍സുമേറിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
ബാഗ്ദാദി മൊസൂളിലേക്ക് കടന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചെന്ന് യുഎസ് പ്രതിരോധ സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി സിഎന്‍എന്‍ തിങ്കളാഴ്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള വിവരം പുറത്തു വന്നിരിക്കുന്നത്.
















