ന്യുയോർക്ക്: ആപ്പിൾ സ്റ്റോറിലെ സ്റ്റാഫ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഷോപ്പിൽ നിന്നും 19 ആപ്പിൾ മൊബൈൽ ഫോണുകൾ കവർന്നു. അമേരിക്കയിലെ സോഹോ നഗരത്തിലെ ആപ്പിൾ സ്റ്റോറിൽ നിന്നുമാണ് കള്ളന്മാർ 16,130 ഡോളർ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നു കളഞ്ഞത്.
ആപ്പിളിന്റെ ഔദ്യോഗിക യൂണിഫോമായ ആപ്പിൾ ചിഹ്നം പതിപ്പിച്ച നീല ടീ ഷർട്ട് ധരിച്ച നാല് യുവാക്കൾ ഷോപ്പിനകത്ത് കയറിയാണ് ഫോണുകൾ കവർന്നത്. ഷോപ്പിനകത്ത് കയറിയ ഇവർ മൊബൈൽ റിപ്പയർ മുറിക്കുള്ളിൽ പ്രവേശിക്കുകയും അവിടെ ഉണ്ടായിരുന്ന 19 മൊബൈലും കവരുകയായിരുന്നു. മറ്റുള്ളവർക്ക് സംശയം വരാതെയാണ് ഇവർ മോഷണം നടത്തിയത്. മൊബൈൽ ഫോണുകൾ ഷർട്ടിനുള്ളിലും പാന്റ്സിനകത്തും ഒളിപ്പിച്ചാണ് ഇവർ സ്റ്റോറിനു പുറത്തിറങ്ങിയത്.
ഇത്തരത്തിൽ നേരത്തെയും ആപ്പിൾ ഫോണുകൾ മോഷണം പോയിട്ടുണ്ട്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഐ ഫോണിന്റെ സ്റ്റോക്ക് തീരുമ്പോഴാണ് ആളുകൾ ഇത്തരത്തിൽ പ്രവർത്തിക്കാൻ മുതിരുന്നതെന്ന് സോഹോ പോലീസ് പറഞ്ഞു.
















