ന്യൂദല്‍ഹി: അടുത്തമാര്‍ച്ചോടെ രാജ്യത്തെ പോസ്റ്റ് ഓഫീസുകളോട് അനുബന്ധമായി ബാങ്കുകള്‍ ആരംഭിക്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. ഇന്ത്യന്‍ പോസ്റ്റ് പേമെന്റ് ബാങ്ക് എന്ന പേരിലാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. പോസ്റ്റല്‍ വകുപ്പിന്റെ ബാങ്കുകള്‍ അടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് കേന്ദ്ര പോസ്റ്റല്‍ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
ഭാരതത്തില്‍ 22,000 പോസ്റ്റ് ഓഫീസുകളാണുള്ളത്. ഇവയെല്ലാം ബാങ്കുകളായി രൂപാന്തരപ്പെടുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയാണ് പോസ്റ്റല്‍ വകുപ്പ് രൂപീകരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയേക്കാള്‍ വലിയ ബാങ്കിംഗ് സംവിധാനമായി പോസ്റ്റല്‍ ബാങ്കുകള്‍ മാറുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇന്‍ഷുറന്‍സ്, ബാങ്കിംഗ് എന്നിവയ്‌ക്കായി മൂന്നാംകക്ഷിയായി പ്രവര്‍ത്തിക്കാന്‍ 60 അന്താരാഷ്‌ട്ര കണ്‍സോര്‍ഷ്യങ്ങളാണ് ഇതിനകം താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 1.39 ഗ്രാമീണ പോസ്റ്റ് ഓഫീസുകളും 1.54 ലക്ഷം പോസ്റ്റല്‍ ഉദ്യോഗസ്ഥരും 1.7 ലക്ഷം പോസ്റ്റ്മാന്‍മാരുമാണുള്ളത്.
















