മട്ടാഞ്ചേരി: കൊച്ചിയില്‍ ‘സിറ്റി കേബിള്‍ കാര്‍’ പദ്ധതിയുമായി മെട്രോമാന് ഇ. ശ്രീധരന്. ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് നഗരത്തിലെ സുഭാഷ് പാര്‍ക്കി (മഹാരാജാസ് കോളജ്) ലേക്കുള്ളതാണ് സിറ്റി കേബിള്‍ കാര്‍ പദ്ധതി. ഫോര്‍ട്ടുകൊച്ചി- മട്ടാഞ്ചേരി- വെല്ലിങ്ടണ്‍ ഐലന്റ് (തുറമുഖം) വഴി മഹാരാജാസ് കോളജിന് മുന്നിലെത്തുന്നതാണ് പദ്ധതി.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡിക്ക് ഇ. ശ്രീധരന് പദ്ധതി രൂപരേഖ സമര്‍പ്പിച്ചു. യാത്രാ സംവിധാനമൊരുക്കുന്നതിനൊപ്പം ടൂറിസം, നഗരവീക്ഷണം, യാത്രാ സമയദൈര്‍ഘ്യം കുറയ്ക്കുക തുടങ്ങിയ ഒട്ടേറെ നേട്ടങ്ങളുണ്ട്. മെട്രൊ റെയില്‍ പദ്ധതി നടത്തിപ്പിനേക്കാള്‍ മൂന്നിലൊന്ന് തുക മാത്രം പദ്ധതിക്ക് മതിയാകും. അധിക സ്ഥലമെടുപ്പില്ലാത്തതിനാല് നടത്തിപ്പിനുള്ള കാലതാമസം ഒഴിവാകും. അഞ്ച് – പത്തു പേര്‍ക്ക് യാത്ര ചെയ്യാവുന്ന കേബിള്‍ കാറുകളാണ് ഒരുക്കുക.
ഒരേസമയം 20 ഓളം കേബിള്‍ കാറുകളൊരുക്കാനും മണിക്കൂറില്‍ 5000- 6000 പേര്‍ക്ക് യാത്ര ചെയ്യാനും കഴിയും. ബൊളീവിയ, മെക്സിക്കോ തുടങ്ങിയ വിദേശ രാജ്യങ്ങളിലും വാരാണസി (കാശി) യിലുമുള്ള മാതൃകയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. മെട്രോ അധികൃതര്‍ക്ക് വാരാണസി സന്ദര്‍ശിച്ച് പഠനം നടത്താനും കഴിയുമെന്ന് ശ്രീധരന് ചൂണ്ടിക്കാട്ടി. ടൂറിസം, ട്രാന്‍സ്പോര്‍ട്ട്, നഗരവികസനം, വൈദ്യുതി തുടങ്ങി ബഹുമുഖ വകുപ്പുകള്‍ക്ക് സാമ്പത്തിക നേട്ടത്തിനും തൊഴിലവസര സൃഷ്ടിക്കും ഇതിടയാക്കും. വകുപ്പുകളുടെ ഏകോപനത്തിലൂടെ പദ്ധതി ഫണ്ട് കണ്ടെത്താനും കഴിയുമെന്നാണ് വിലയിരുത്തല്‍.
















