അമ്പലപ്പുഴ: നിര്‍ദ്ധന കുടുംബത്തില്‍ നിന്നും മെഡിക്കല്‍ എന്‍ട്രന്‍സില്‍ ജില്ലയില്‍ ഒന്നാം റാങ്കുനേടിയ വിദ്യാര്‍ത്ഥി നാടിന് അഭിമാനമായി. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കാളുതറയില്‍ ശശികുമാര്‍- മായ ദമ്പതികളുടെ മകന്‍ ശ്യാംകുമാര്‍ (19) ആണ് റാങ്കിന്റെ തിളക്കവുമായി നാട്ടിലെ താരമായത്.
എസ്എസ്എല്‍സി, പ്ലസ്ടു എന്നിവയ്‌ക്ക് മുഴുവന്‍ വിഷയത്തിനും ശ്യാംകുമാറിന് എപ്ലസ് ഉണ്ടായിരുന്നു. കഴിഞ്ഞ തവണ എന്‍ട്രന്‍സ് എഴുതിയെങ്കിലും 2050-ാം റാങ്കാണ് ലഭിച്ചത്. ഇത്തവണ കഠിനപ്രയത്‌നത്തിലൂടെ ശ്യാംകുമാര്‍ ജില്ലയില്‍ ഒന്നാമനായി. സംസ്ഥാനതലത്തില്‍ 55-ാം റാങ്കാണ് ശശികുമാറിന് ലഭിച്ചത്. പാലായിലെ പരിശീലന കേന്ദ്രത്തില്‍ ശ്യാംകുമാറിന് ഫീസിളവും ലഭിച്ചിരുന്നു.
വര്‍ഷങ്ങളായി എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റിയായി ജോലി നോക്കുകയാണ് പിതാവ് ശശികുമാര്‍. മാതാവ് മായ വീട്ടില്‍ കുട്ടികള്‍ക്കായി ട്യൂഷന്‍ എടുക്കുന്നു. ഏക സഹോദരന്‍ ശരത്കുമാര്‍ ആലപ്പുഴ ടിഡിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.
















